Sunday, April 3, 2016

വാസ്തു സത്യമോ മിഥ്യയോ ? (Part 1)

വാസ്തു സത്യമോ മിഥ്യയോ ? (Part 1) 

വാസ്തു ശാസ്ത്രത്തിന്റെ യഥാർത്ഥ മുഖം എന്താണെന്ന് അറിയാൻ താൽപ്പര്യം ഉള്ളവർ ആണ് നമ്മളിൽ പലരും. അതിന്റെ പൊരുൾ തേടി പലരും കുറച്ചൊക്കെ യാത്ര ചെയ്തിട്ടും ഉണ്ടാകും. വായനയിലൂടെയും മറ്റുള്ളവരും ആയി സംവദിച്ചും അറിവ് നേടാനും വാസ്തുശാസ്ത്രത്തെ അപഗ്രഥിക്കാനും തുടക്കകാലത്ത് ഈ ലേഖകനും ധാരാളം ശ്രമിച്ചിട്ടുണ്ട്. അത്തരം ഒരു ശ്രമം നിങ്ങളും നടത്തിയിട്ടില്ലേ? 

വാസ്തു ശാസ്ത്രത്തെ പറ്റി ആദ്യം കേൾക്കുന്ന പലർക്കും അത് എന്താണ് എന്നറിയാൻ താൽപര്യം ഉണ്ടാകുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് അത് നമ്മുടെ വീടും പരിസരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു സംഗതി ആണ് എന്നറിയുമ്പോൾ. വീട് നിർമ്മാണത്തിലും അതിന്റെ ഇന്റീരിയർ ചെയ്യുമ്പോളുമൊക്കെ ഇതേപ്പറ്റി പലരും പറഞ്ഞു കേട്ട് നമ്മളിൽ പലരും കുറെയൊക്കെ ഇക്കാര്യത്തിൽ ഉത്ഖണ്ടാകുലരുമാണ് എന്ന് പലരുമായി സംവദിച്ചതിന്റേയും അവർക്ക് കൺസൾട്ടൻസി നടത്തിയതിന്റേയും അടിസ്ഥാനത്തിൽ ഈയുള്ളവന് പറയാൻ സാധിക്കും. പക്ഷേ അവശ്യം വേണ്ട ശാസ്ത്രീയമായ അറിവുകൾ ലഭിക്കാത്തതിനാൽ ഇക്കാര്യത്തിൽ പലരും 'കൺഫ്യൂസ്ഡ്' ആണ്. 100 % ശാസ്ത്രീയത അവകാശപ്പെടാൻ സാധിക്കാത്ത ഈ ഭൗതികാതീത ശാസ്ത്ര (Metaphysical Science) ത്തിന് അത് ഉപയോഗിക്കുന്ന ആളിന്റെ/ ആളുകളുടെ അനുഭവത്തിന്റെ വെളിച്ചത്തിലുള്ള സാക്ഷ്യപത്രമാണ് പ്രധാനമായുള്ള ആധികാരികത.
മനുഷ്യന്റെ അഞ്ച് സംവേദന അവയവങ്ങളായ ചെവി, കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക് (പഞ്ചേന്ദ്രിയങ്ങൾ) എന്നിവയിൽ കൂടിയല്ലാതെ നമുക്ക് ഈ പ്രപഞ്ചം, ഈ ചുറ്റുപാടുകൾ എന്നിവ മനസ്സിലാക്കാനോ അറിയാനോ കഴിയുകയില്ല. പട്ടിക്കും പശുവിനും കാക്കയ്ക്കും കാണാനും കേൾക്കാനും അറിയാനും കഴിയുന്ന പല കാര്യങ്ങളും ഈ കമ്പുട്ടർ സാങ്കേതിക വിദ്യാ കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് പറ്റുന്നില്ല. ഇതിനൊക്കെ എത്രയോ ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്. കിണറ്റിലെ തവളയെപ്പോലെ കാണുന്നവയും കേൾക്കുന്നവയും മാത്രമാണ് സത്യമെന്ന് വിശ്വസിച്ച് കഴിയുന്നവരാണ് മനുഷ്യർ. മാത്രവുമല്ല, അതിനപ്പുറം ഒന്നുമില്ല എന്ന രീതിയിൽ വീമ്പു പറയുന്നവരും കൂടിയാണ്.

നാം പറഞ്ഞു വന്ന വിഷയത്തിൽ നിന്നു വ്യതി ചലിച്ചുവോ,? ഇനി ചുരുക്കി പറയാം.മനുഷ്യന്റെ നേടിയ അറിവിന്റെ ആധികാരികത അറിഞ്ഞിലേ അതിനപ്പുറത്തുള്ള അറിവിന്റെ ആഴം അനുഭവപ്പെടുകയുള്ളൂ. അതിന്റെ ആഴവും പരപ്പും വ്യാപ്തിയും ഒക്കെ നാം ചിന്തിച്ച് ചിന്തിച്ച് ഉറപ്പിക്കേണ്ടതും അത് സ്വയം അനുഭവവേദ്യമാക്കേണ്ടതും ആകുന്നു. അതിനായി ഇത്രയും പറഞ്ഞു എന്നു മാത്രം.
ഭൗതികാതിതശാസ്ത്രം നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നില്ല. പകുതിയിലേറെ ചോദ്യങ്ങൾക്കും ഉത്തരം സ്വയം കണ്ടെത്തണം. അത്തരം ചോദ്യത്തിന്റെയും ഉത്തരത്തിന്റേയും പ്രത്യേകത എന്താന്നെന്നറിയാമോ? ചോദ്യം ഒന്നാണെങ്കിലും ഉത്തരം പലതാകാം. എല്ലാ ഉത്തരവും ശരിയും ആകുന്നു. അത് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെതായ ശരികൾ ആണല്ലോ. ആയതിനാൽ എല്ലാ ഉത്തരങ്ങളും ശരിയാകാതെ തരമില്ല.

ഇങ്ങനെയുള്ള കുറെ ശരികളുടെ ഒരു ക്രോഡീകരണമാണ് പൗരാണികശാസ്ത്രങ്ങളിൽ കാണപ്പെടുന്നത്. പണ്ടുണ്ടവർ, മഹർഷിമാർ ചിന്തിച്ചു ചിന്തിച്ചു കണ്ടെത്തിയ ഉത്തരങ്ങൾ അവർ തങ്ങളിൽ തങ്ങളിൽ അന്തരാത്മാവിലുടെ സംവദിച്ച് വരും തലമുറ കളുടെ നന്മയ്ക്കായി എഴുതി വച്ച ചിന്താസരണികൾ ഇന്നും കുപ്പയിലെ മാണിക്യത്തെപ്പോലെ ആരാലും വേണ്ടുന്ന പരിഗണന കിട്ടാതെ കിടക്കുകയാണെന്ന സത്യം ഇനിയും തിരിച്ചറിയാൻ നമ്മൾ വൈകുന്നുവോ? അറിയില്ല. ഉത്തരം കണ്ടെത്തേണ്ടത്‌ നമ്മുടെയൊക്കെ ഒരു സംയുക്ത പ്രയത്നത്തിലൂടെയാവണം. കുപ്പയിലെ മാണിക്യത്തെ പുറത്തെടുത്ത് കാലഘട്ടത്തിന് അനുസൃതമായി സംസ്കരിച്ച് ജനഹൃദയങ്ങളിൽ പ്രതിഷ്ഠിക്കേണ്ടത് ചിന്തിക്കുന്ന ഓരോരുത്തരുടേയും കടമയാണ്. അതിനായി, ചിന്തിക്കുന്നവർ, ചിന്തിക്കാൻ കഴിയാത്തവർക്കും അതിന് സമയം കിട്ടാത്തവർക്കും കൂടി അധിക പ്രയത്നം നടത്താൻ ബാധ്യസ്ഥരാണ്.

വാസ്തുശാസ്ത്രത്തിന്റെ ആധാരങ്ങൾ പുരാതന ഗ്രന്ഥങ്ങൾ ആണ്. മറ്റൊന്ന് വാസ്തു ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടണ്ടളും. അവ വാസ്തുവിന്റെ പ്രാധാന്യം വിളിച്ചോതുന്ന ആധാരശിലകൾ ആണ്. അവ കാലത്തെയും പ്രകൃതി ശക്തികളെയും അതിജീവിച്ച് ജീവിക്കുന്ന തെളിവുകൾ ആയി നമ്മുട മുൻപിൽ തലയുയർത്തി നിൽക്കുന്നു. പ്രകൃതിക്കും പ്രകൃതി ശക്തിക്കും എതിർ നിൽക്കുന്ന ഒന്നും തന്നെ ഈ പ്രപഞ്ചത്തിൽ അധികകാലം നിലനിന്നുപോരുന്നില്ല. അതിനു വിഘാതമായി നിൽക്കാത്ത നിർമ്മിതികളെ അത് സ്വയം സംരക്ഷിച്ചു പോരുന്നുണ്ടാകാം! .

വാസ്തു ശാസ്ത്രം സത്യമോ മിഥ്യയോ? നമ്മുടെ വിഷയത്തിലേക്ക് തിരികെ വരാം. താഴെ പറയുന്ന കാര്യങ്ങൾ മനസ്സിരുത്തി ഒന്ന് വായിച്ച് അതിനെ അപഗ്രഥിച്ച് നിങ്ങൾ തന്നെ തീരുമാനിക്കുക.
1) പ്രപഞ്ചത്തിലെ ഊർജ്ജത്തിന് ഒരു ഒഴുക്ക് ഉണ്ട്. ഊർജ്ജം എങ്ങും കെട്ടി നിൽക്കുന്നില്ല. അതിന്റെ ഒഴുക്കിന്‌ തടസ്സമായി നിർമ്മിതികൾ പാടില്ല. കിഴക്ക് പ്രകാശോർജവും വടക്ക് ജൈവോർജ്ജവും ധാരാളമായി ഉണ്ട്. അവ വടക്കു കിഴക്കുനിന്ന് തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് ഒഴുകുന്നു. ഈ ഊർജ്ജം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ വാസ്തു ശാസ്ത്രം വഴികൾ കാട്ടിത്തരുന്നുണ്ട്. അത് നമ്മുടെ മനസ്സിനും ശരീരത്തിനം ആത്മാവിനും സൗഖ്യം നൽകുന്നു.
2) ഭൂമിയിയുടെ സ്വയംപ്രദക്ഷിണത്തിനും ചലനത്തിനും ഓരോ ദിശകൾ ഉണ്ട്. ആ ദിശയിൽ നിന്നും ഇത്ര കാലം ആയിട്ടും ഒരല്പം പോലും വ്യതിയാനം ഉണ്ടാകുന്നില്ല, ഉണ്ടായിട്ടില്ല. ആ ദിശകൾക്ക് അനുസ്യതമായി വീട് നിർമ്മിക്കാൻ വാസ്തു ശാസ്ത്രം ഉൽബോധിപ്പിക്കുന്നു. നാല് പ്രധാന ദിക്കുകളും നല്ലതത്രേ. വിദിക്കുകൾ ( കോൺ ദിശകൾ അതായത് വടക്ക് കിഴക്ക്, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ) ഒഴിവാക്കണം അത്രേ. വീടിന്റെ orientation അതിനെ പ്രപഞ്ചവും ആയി ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണിയാണ്. ആ orientation, cardinal directions ആയ വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ് ആകണം. കോൺ ദിശകൾ ഒഴിവാക്കുക. ഓടുന്ന ബസിൽ മുമ്പാട്ടോ പിമ്പോട്ടോ നോക്കിയിരുന്നാൽ യാത്ര സുഖമാണ്, അല്ലേ? ഇങ്ങനെ ഇരിക്കാനാണ് കൂടുതൽ പേരും താത്പര്യം കാട്ടുന്നത്. ഒരു പക്ഷേ ചരിഞ്ഞിരുന്നാൽ നടുവേദനയും കാലു വേദനയും ഉണ്ടാകുമല്ലോ. ശരീരത്തിന്റെ ഘടനയും ഓടുന്ന വാഹനത്തിന്റെ ദിശയുമായുള്ള ബന്ധമാണ് ഈ ഉദാഹരണം. കാണിക്കുന്നത്. അതിനാൽ തന്നെ വീടുകളുടെ ദിശയ്ക്ക് വളരെ പ്രാധാന്യമുണ്ട്. അതുമായി ഒത്തു നോക്കി ചിന്തിച്ച് ഒരു തീരുമാനം എടുക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല.
sureshlal 27-3-2016
(തുടരും)

No comments:

Post a Comment