Sunday, April 3, 2016

വാസ്തു സത്യമോ മിഥ്യയോ? (Part 2)

വാസ്തു സത്യമോ മിഥ്യയോ?
ഭാഗം 2 

ആദ്യ ലേഖനത്തിൽ വാസ്തു ശാസ്ത്രത്തിനു് പൊതുജനങ്ങളുടെ ഇടയിൽ ഉള്ള ധാരണയെപ്പറ്റിയും വിശ്വാസത്തെപ്പറ്റിയും. പ്രതിപാദിക്കുകയുണ്ടായി, കൂടാതെ വാസ്തു ശാസ്ത്രത്തിന്റെ യഥാർത്ഥ ഉദ്ദേശ ശുദ്ധി അതിന്റെ പൂർണ്ണ അർത്ഥത്തിൽ എങ്ങനെ മനുഷ്യർക്ക് കൂടുതൽ ഉപയോഗ കരമായി മാറ്റിത്തീർക്കാം എന്നും ചർച്ച ചെയ്തു. പ്രധാനപ്പെട്ട വാസ്തു തത്വങ്ങളുടെ ശാസ്ത്രീയ വശം എന്തെന്ന് പരിശോധിച്ചു വരവേ രണ്ട് പ്രധാന തത്വങ്ങൾ പരിഗണിക്കപ്പെടുകയുണ്ടായി.
മൂന്നാമത്തെ പ്രധാനപ്പെട്ട ഒരു തത്വം ഇപ്രാവശ്യം പരിചയപ്പെടാം.
തുടർന്നു വായിക്കു..
3) കിഴക്കോട്ടും വടക്കോട്ടും ചരിഞ്ഞ ഭൂമി നല്ലതാണ് എന്നൊരു വാസ്തു തത്വം ഉണ്ട്.
നമുക്കറിയാം സൂര്യന്റെ ചൂടും പ്രകാശവും നമ്മുടെ ജീവസന്ധാരന്നത്തിന് അവശ്യ ഘടകങ്ങൾ ആണെന്ന് . സൂര്യപ്രകാശമില്ലാതെ ഭൂമിയിൽ ജീവൻ നിലനിൽക്കില്ല, പക്ഷേ ഈ പ്രകാശത്തിന്റെ തീവ്രതയും ചൂടിന്റെ ആധിക്യവും ഏറെ നേരം താങ്ങുവാൻ നമുക്ക് സാധിക്കില്ല. അപ്പോൾ ചൂടിൽ നിന്നും രക്ഷ നേടേണ്ടത് അവശ്യം വേണ്ട ഒരു കാര്യം ആണ്.
പൊതുവായി നോക്കിയാൽ വീട് നിർമ്മിക്കുന്നത് എന്തിനാണ്? മഴ, മഞ്ഞ്, ചുട്, കാറ്റ് തുടങ്ങിയ പ്രകൃതി ശക്തികളിൽ നിന്നും സംരക്ഷണം ലഭിക്കാൻ വേണ്ടി അല്ലേ? (ഒപ്പം മറ്റു ഹിംസ്ര ജീവികളിൽ നിന്നും രക്ഷ നേടാനും). അപ്പോൾ വീട് വയ്ക്കാൻ ഉള്ള പ്ലോട്ട് തെരഞ്ഞെടുക്കുമ്പോഴും ഈ ശ്രദ്ധ വേണം. അമിതമായി ചൂട് ഏൽക്കരുത്. ഏറ്റ ചൂട് അവിടെ കെട്ടി നിൽക്കരുത്. മഴവെള്ളവും കെട്ടി നിൽക്കാതെ ഒഴുകി പോകണം.
ഈ സംഗതികളുടെ ശാസ്ത്രം എന്തെന്ന് നോക്കാം.
ഭൂമി അതിന്റെ അച്ചുതണ്ടിൽ 23 degree ചരിഞ്ഞാണ് സ്വയം ചുറ്റിക്കൊണ്ടിരിക്കുന്നത്. ഈ കാരണത്താലും ദീർഘവൃത്താകൃതിയിൽ സൂര്യനെ ചുറ്റുന്നതിനാലുമാണ് നമുക്ക് ഋതുക്കൾ -വേനലും വർഷവും - ഉണ്ടാകുന്നത്. അച്ചുതണ്ടിന്റെ ചരിവ്മൂലം സൂര്യരശ്മി തെക്ക് വശത്തായി കാണപ്പെടും. രാവിലെ തെക്ക്കിഴക്കും ഉച്ചയ്ക്ക് തെക്ക്പടിഞ്ഞാറും സൂര്യനെ കാണപ്പെടുന്നു, (നാം വിചാരിക്കുന്നത് പോലെ സൂര്യൻ കിഴക്ക് നിന്നും പടിഞ്ഞാറ് ദിശയിൽ തലയ്ക്കു നേരെ മുകളിൽ കൂടിയല്ല കടന്നു പോകുന്നത്. സംശയം ഉണ്ടെങ്കിൽ സൂര്യനെ ഒന്നു നിരീക്ഷിച്ചു നോക്കൂ ). 



വടക്കോട്ട് ചരിവുള്ള പ്രതലത്തിൽ തെക്കു ഭാഗത്ത് ഉള്ള രശ്മികൾ എല്ലാപ്പോഴും ചരിഞ്ഞ് ആണ് വീഴുന്നത്. ഇങ്ങനെ ചരിഞ്ഞു വീഴുന്ന രശ്മികൾക്ക് തീവ്രത നന്നേ കുറവായിരിക്കും. (അതിനാൽ ആണല്ലോ സാധാരണയായി രാവിലേയും വൈകനേരവും നമുക്ക് ചുട് കറവായി അനുഭവപ്പെടുന്നത് ). നേരെ മറിച്ച്, തെക്ക് വശം ചരിഞ്ഞ ഭൂമിയിൽ ഏറെക്കുറെ ലംബ ദിശയിൽ ആയിരിക്കും രശ്മികൾ പതിക്കുന്നത്. ഇതിനാൽ ഭൂമി കൂടുതൽ പെട്ടെന്ന് ചൂട് ആകുന്നു.






അതേപോലെ നല്ല ചൂട് ഉള്ള സമയത്ത് പോലും ആ ചൂടിൽ നിന്നും ആശ്വാസം ലഭിക്കാൻ വടക്കോട്ട് ചരിവുള്ള ഭൂമിയിൽ സാധ്യമാകും. എങ്കിലും നിങ്ങളുടെ സ്വബുദ്ധിയിൽ അത് ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. അതിനായി വിവിധ ദിശകളിൽ ചരിഞ്ഞ ഭൂമിയിൽ വെറുതെ കുറച്ചു സമയം ചെലവഴിക്കുക. നല്ല ചൂടുള്ള സമയം ആണെങ്കിൽ ഓരോ ഭൂമിയിലും ഉള്ള comfort level-ന്റെ വ്യത്യാസം ശരിക്കും മനസ്സിലാക്കാൻ സാധിക്കും. ഇത് വളരെ ലളിതമായി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു ചെറു നിരീക്ഷണം/പരീക്ഷണം ആണ്.



ഒരു വാസ്തു പുരുഷമണ്ഡലം പരിഗണിച്ചാൽ Cosmic energy വളരെ കൂടുതൽ ലഭ്യമാകുന്ന വടക്ക് വശത്ത് ജീവൽ ദാതാക്കളായ ദേവൻമാർ കുടി കൊള്ളുന്നു എന്ന് ശാസ്ത്രം പറയുന്നു. വാസ്തുമണ്ഡലത്തിന്റെ കിഴക്ക് വശത്ത് പ്രകാശത്തിന്റെ ദേവതകൾ ആണ് അധിവസിക്കുന്നത്. അങ്ങനെ പ്രഭാതത്തിൽ ബാല സൂര്യന്റെ അരുണിമയും നമുക്ക് വേണ്ടതിൽ ഏറെ positive energy തരുന്നു. അത്തരത്തിൽ ലഭ്യമാകുന്ന +ve energy കുറേശ്ശേ തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്നു എന്ന് ശാസ്ത്രം. തെക്ക് പടിഞ്ഞാറ് ഉയർന്നിരുന്നാൽ ഇത്തരം അധികമായ ഊർജ്ജം വീട്ടിൽ നിറയും. കൂടാതെ തെക്ക് പടിഞ്ഞാറ് നിന്ന് ഊർജ്ജം സ്വീകരിക്കേണ്ട ആവശ്യവും ഇല്ല. വടക്ക് കിഴക്ക് കൂടി ലഭിക്കുന്ന ഊർജ്ജം തെക്ക് പടിഞ്ഞാറ് കൂടി അമിതമായി പാഴാക്കി കളയാനും പാടില്ല. അധികം വലിയ ജനൽ, വാതിൽ തുടങ്ങിയവയിൽ കൂടി ഊർജ്ജ നഷ്ടം സംഭവിക്കുന്നു എന്ന് മാത്രമല്ല അവിടെ നിന്നും അത്ര നല്ലതല്ലാത്ത ഊർജ്ജം കടന്നു വരാനും ഇടയുണ്ട്.
ആളുകളെ വിശ്വസിപ്പിക്കാനായി കുറച്ച് 'നമ്പറുകൾ ' ഒക്കെ വാസ്തു ശാസ്ത്രത്തിന്റെ മൂല ഗ്രന്ഥങ്ങളിൽ കാണാൻ കഴിയും. ഉദാഹരണത്തിന് പടിഞ്ഞാറ് ഭാഗം ഉയർന്നും കിഴക്കു ഭാഗം താഴ്ന്നും ഉള്ള വസ്തുവിന് 'ഗോവീഥി' എന്നും അതിന്റെ ഫലം അഭിവൃദ്ധിയും ആണ് എന്ന് മനുഷ്യാലയ ചന്ദ്രികയിൽ പറഞ്ഞിരിക്കുന്നു.(ശ്ലോകം 19).
തെക്ക് കിഴക്ക് താണു കിടക്കുന്നത് അഗ്നി വീഥി: ഫലം - ധനനാശം
തെക്കുഭാഗം താന്നു കിടക്കുന്നത് യമ വീഥി: ഫലം - ജീവഹാനി
തെക്ക് പടിഞ്ഞാറ് താന്ന് കിടക്കുക ആണെങ്കിൽ ഭൂതവീഥി: ഫലം - സ്ഥലനാശം
പടിഞ്ഞാറ് ഭാഗം താഴ്ന്നു കിടക്കുകയാണെങ്കിൽ ജലവീഥി: ഫലം - ദാരിദ്ര്യം
വടക്ക് പടിഞ്ഞാറ് താഴ്ന്നു കിടക്കുക ആണെങ്കിൽ അത് നാഗവീഥി: ഫലം - പുത്രനഷ്ടം
വടക്കോട്ട് ചരിഞ്ഞതാണെങ്കിൽ ഗജവീഥി: ഫലം - സമ്പൽസമൃദ്ധി
വടക്ക് കിഴക്ക് താഴ്ന്ന് കിടക്കുക ആണെങ്കിൽ അത് ധാന്യ വീഥി: ഫലം - ഉന്നതി .
ഇതൊന്നും അപ്പടി വിശ്വസിക്കേണ്ട കാര്യമില്ല. എങ്കിലും, ഇതിൽ നിന്നും നമുക്ക് മനസിലാക്കാൻ സാധിക്കും, വടക്കും വടക്ക്കിഴക്കും കിഴക്കും ഉള്ള ചരിവുകൾ മാത്രമേ വാസ്തു ശാസ്ത്രം പ്രോൽസാഹിപ്പിക്കുന്നുള്ളൂ എന്ന്. മറ്റു ദിശ കളിലേയ്ക്ക് ചരിവുള്ള പ്ലോട്ടുകളിൽ വീട് പണിയാൻ നിർബന്ധിതരാകുന്നവർ ചൂടിനെ പ്രതിരോധിക്കാൻ വേണ്ട അധിക മുൻകരുതലുകൾ എടുക്കണം.
തുടരും
( സുരേഷ് ലാൽ / 02-04-2016)

No comments:

Post a Comment