Tuesday, April 26, 2016

വാസ്തു സത്യമോ മിഥ്യയോ? ഭാഗം 3

വാസ്തു സത്യമോ മിഥ്യയോ 
ഭാഗം 3

മുൻപു  പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങളിൽ വാസ്തു ശാസ്ത്രത്തിനു് പൊതുജനങ്ങളുടെ ഇടയിൽ ഉള്ള ധാരണയെപ്പറ്റിയും വിശ്വാസത്തെപ്പറ്റിയും പ്രതിപാദിക്കുകയുണ്ടായി.  കൂടാതെ വാസ്തു ശാസ്ത്രത്തിന്റെ യഥാർത്ഥ ഉദ്ദേശ ശുദ്ധി അതിന്റെ പൂർണ്ണ അർത്ഥത്തിൽ എങ്ങനെ മനുഷ്യർക്ക് കൂടുതൽ ഉപയോഗ കരമായി മാറ്റിത്തീർക്കാം എന്നും ചർച്ച ചെയ്തു. പ്രധാനപ്പെട്ട വാസ്തു തത്വങ്ങളുടെ ശാസ്ത്രീയ വശം എന്തെന്ന് പരിശോധിച്ചു വരവേ മൂന്ന് പ്രധാന തത്വങ്ങൾ പരിഗണിക്കപ്പെടുകയുണ്ടായി. അതിനെപ്പറ്റി വിശദമായി നാം ചർച്ച ചെയ്യുകയുണ്ടായി. ഇനി നാലാമത്തെ പ്രധാനപ്പെട്ട ഒരു തത്വം ഇപ്രാവശ്യം പരിചയപ്പെടാം.
തുടർന്നു വായിക്കു..


വാസ്തു പ്രകാരം ഒരു പ്ലോട്ടിന്റെ ഏതു ഭാഗത്ത് വേണം കെട്ടിടം പണിയാൻ? അതിന്റെ ശാസ്ത്രീയ വശം എന്താണ്?

ഒരു പ്ലോട്ടിന്റെ ഏത് ഭാഗമാണ് കെട്ടിടം പണിയാൻ ഉത്തമം? മുൻവശമാണോ പിൻഭാഗമാണോ അഭികാമ്യം?  ഇടത്തു വശമാണോ വലത്തു വശമാണോ നല്ലത് ? വലിയതും ഇടത്തരം വലുപ്പവുളള പ്ലോട്ടുകളിൽ കെട്ടിടം പണിയാൻ നേരം ഈ സംശയം പലർക്കും ഉണ്ടാകുന്നു.
ഇതിന് ഫലപ്രദമായ നിർദ്ദേശങ്ങൾ വാസ്തു ശാസ്ത്രത്തിൽ ഉണ്ട്. വാസ്തു എന്തു പറയുന്നു എന്നത് തത്കാലം മറക്കുക. നാം നമ്മുടെ സ്വയം തീരുമാനത്തിൽ എന്തു ചെയ്യും?  പലരും ചെയ്തിട്ടുള്ളത് ഞാൻ കണ്ടത് എന്താണെന്ന് വച്ചാൽ പ്ലോട്ടിന്റെ മദ്ധ്യഭാഗത്ത് വീട് വച്ചതായിട്ടാണ്.

നഗരപ്രദേശങ്ങളിൽ ഒരു വീട് വയ്ക്കാൻ  3 മുതൽ 6 സെന്റ് വരെ വേണ്ടി വരും. ഗ്രാമങ്ങളിൽ ആണെങ്കിൽ 10 മുതൽ 60 സെന്റ് വരെയാണ് ഒരു വീടിന് വേണ്ട സ്ഥലം. ഈ രണ്ട് സ്ഥലങ്ങളിലും ഇതിലും ഇരട്ടിയോ നാല് ഇരട്ടിയോ വലുപ്പമുള്ള പ്ലോട്ടുകൾ ഉണ്ടെങ്കിൽ അതിൽ ഏതു ഭാഗത്ത് ആണ് വീട് വയ്ക്കാൻ ഉത്തമം? താരതമ്യേന വലിയ പ്ലോട്ടുകൾ ഉള്ള സ്ഥലങ്ങളിൽ മിക്കവാറും   അതിന്റെ മദ്ധ്യഭാഗത്ത് വീട് വയ്കാൻ എല്ലാവരും ഇഷ്ടപ്പെടുന്നു.

ഇനി നാം പരിശോധിക്കുന്ന നാലാമത്തെ വാസ്തു തത്വം എന്താണെന്ന് നോക്കാം.

4) പ്ലോട്ടിനെ നാലായി വിഭജിച്ചാൽ അതിന്റെ വടക്കുകിഴക്ക് ഖണ്ഡത്തിലോ ( മനുഷ്യ ഖണ്ഡം) തെക്ക് പടിഞ്ഞാറ് ഖണ്ഡത്തിലോ (ദേവ ഖണ്ഡം) മാത്രമേ കെട്ടിടം പണിയാവൂ. അഗ്നി ഖണ്ഡവും (SE) വായു ഖണ്ഡവും (NW) ഒഴിവാക്കുക.

ഒരു പ്ലോട്ട് നാം തെരഞ്ഞെടുത്തു കഴിഞ്ഞാൽ അതിനെ ദിശകൾക്ക് അനുസരിച്ച് ചതുരീകരിക്കണം. ആ ചതുരത്തിൽ കണ്ട വസ്തുവിന്റെ നേർമദ്ധ്യ ഭാഗത്ത് കൂടി കിഴക്ക്  പടിഞ്ഞാറ് അയി കടന്നു പോകുന്ന സാങ്കല്പിക രേഖയാണ് ബ്രഹ്മ സൂത്രം.  തെക്ക് വടക്ക് ദിശയിലെ സാങ്കല്പിക രേഖയ്ക്ക് യമസൂത്രം എന്നും പറയുന്നു.

ഇത്തരത്തിൽ ബ്രഹ്മസൂത്രവും യമസൂത്രവും 4 ആയി തിരിച്ച വാസ്തുമണ്ഡലത്തിന്റെ വടക്ക് കിഴക്ക് വരുന്ന ചെറു ചതുരമാണ് മനുഷ്യ ഖണ്ഡം. ഇത് വീട് വയ്ക്കാൻ ഉത്തമമാണ്. തെക്ക് പടിഞ്ഞാറ് വരുന്ന ചെറു ചതുരമാണ് ദേവ ഖണ്ഡം.  ചിത്രം നോക്കുക. (ഖണ്ഡം = quadrant). ഇവിടെ സൂചിപ്പിച്ച ദേവഖണ്ഡത്തിലും മനുഷ്യ ഖണ്ഡത്തിലും കെട്ടിടം പണിയാം എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.  വടക്കു പടിഞ്ഞാറ് വരുന്ന വായു ഖണ്ഡത്തിൽ വേണ്ടമെങ്കിൽ ആകാം. തെക്ക് കിഴക്ക് വരുന്ന അഗ്നി ഖണ്ഡത്തിൽ ഒട്ടും പാടില്ല എന്നും പറയുന്നു.

എന്നാണ് ഇതിന്റെ ശാസ്ത്രീയ അടിത്തറ? നമുക്ക് നോക്കാം.

1) വീട് പോലുള്ള പ്രസാദാത്മക കെട്ടിടങ്ങൾ (functional buildings) വരും തലമുറകൾക്ക് അവകാശപ്പെട്ടത് ആയിരിക്കും. അതിനാൽ ആണല്ലോ മക്കൾ വളർന്നു കഴിഞ്ഞാൽ രക്ഷിതാക്കൾ അവരുടെ സ്വത്തുക്കൾ ഭാഗം വയ്ക്കുന്നത്.  അങ്ങനെ ഭാഗം വയ്ക്കുമ്പോൾ വീട് മുറിച്ച് ഭാഗം വയ്ക്കുക എന്നത്‌ വളരെ ദുഷ്കരവും സങ്കടകരവും ആയ ഒരു കാര്യമാണ്. വലിയ പ്ലോട്ടിന്റെ മദ്ധ്യഭാഗത്ത് വീട് വന്നാൽ ഇത്തരം അനുഭവം ഉണ്ടാകും.  വാസ്തു പ്രകാരം പണിഞ്ഞ വീട്  ആണെങ്കിൽ വീടും അത് നില്ക്കുന്ന സ്ഥലവും ഒരാൾക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ എഴുതി കൊടുക്കാം. മറ്റ് സ്ഥലം മറ്റുള്ളവർക്കും കൊടുക്കാം.  അതിനാൽ ഈ വാസ്തു തത്വം ഏറെ പ്രയോജനകരവും പ്രായോഗികവുമായ ഒന്നാണ്. പക്ഷേ ഒന്നുണ്ട്. 50 % ന് മുകളിൽ കവറേജ് വരുന്ന ചെറിയ പ്ലോട്ടുകളിലെ കെട്ടിടങ്ങൾക്ക് ഇത് പ്രായോഗികമല്ല. കാരണം ഇത്തരം ചെറിയ പ്ലോട്ടുകൾ അത്തരത്തിൽ മുറിച്ചുനൽകിയാൽ ആർക്കും ഒരു പ്രയോജനവും ഉണ്ടാകില്ല.

2) നഗരപ്രദേശങ്ങളിലെ കെട്ടിടങ്ങൾ ചെറിയ പ്ലോട്ടുകളിൽ നാലിൽ ഒന്ന് വരുന്ന ഖണ്ഡത്തിൽ മാത്രം നിൽക്കാൻ സാധ്യതയില്ല. അവ നിർമ്മിക്കുമ്പോഴും പ്രസ്തുത നിയമങ്ങൾ ബാധകമാണ്. ഗൃഹത്തിന് പകരം ഗൃഹനാഭി (centre point of building) മേൽപ്പറഞ്ഞ NE ഖണ്ഡത്തിലോ SW ഖണ്ഡത്തിലോ വന്നാൽ മതി. ഇങ്ങനെ കെട്ടിടം വച്ചാൽ എന്താണ് ഗുണം?

ഇക്കാലത്തെ ചില വില്ല പ്രോജക്ടുകൾ ലേഖകൻ കാണാനിടയായി. അവിടെയെല്ലാം ഒരേ നിരയിൽ ഒരേ രീതിയിൽ ഇരുവശത്തും കെട്ടിടങ്ങൾ അങ്ങനെ നിരന്നു നിൽക്കുകയാണ്. കാറ്റും വെളിച്ചവും ഒക്കെ അവിടെ ചോദ്യചിഹ്നങ്ങളായി അവശേഷിക്കുന്നു. മാർക്കറ്റിംഗ് സ്റ്റാഫുകളുടെ വാചാലതയിൽ ആകൃഷ്ടരായി നിങ്ങൾ അത് വാങ്ങുകയാന്നെങ്കിൽ കാറ്റും വെളിച്ചവും ഉണ്ടാവില്ല എന്നതു പോലെ മറ്റൊരു പ്രധാന പ്രശ്നം കൂടി നിങ്ങളെ എതിരേൽക്കാൻ ഉണ്ടാവും. സ്വകാര്യത  ഇല്ലായ്മ (lack of privacy).


ഇതിനൊക്കെ പരിഹാരമാണ് ഇടതിരിഞ്ഞുളള (staggered) നിർമ്മാണ സംവിധാനം. ഒരേ നിരയിൽ നിൽക്കുന്ന കെട്ടിടങ്ങൾ ഒരു ദിശയിലുള്ള കാറ്റിനെ തടസ്സപ്പെടുത്തുമ്പോൾ ഇടതിരിഞ്ഞു നിർമ്മാണം നടത്തിയാൽ അത് കാറ്റ് എല്ലാ കെട്ടിടങ്ങൾക്കും ഇടയിലൂടെ കടന്നുപോകാൻ സഹായ മേകുന്നു. സ്വകാര്യതയുടെ പ്രശ്നങ്ങൾ അതിലും പ്രധാനമാണ്. ഇടതിരിഞ്ഞ് കെട്ടിടം പണി നടത്തിയാൽ ഈ പ്രശ്നം ഒരു പരിധി വരെ ഒഴിവാക്കാം. മുകളിൽ കാണിച്ചിചിരിക്കുന്ന ചിത്രം  നോക്കുക.  ആരോഗ്യകരമായ ഇത്തരം നിർമ്മാണ പ്രവർത്തികൾ മനസിലാക്കാനായി  വാസ്തുശാസ്ത്രം അതിന്റെ വാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്നു.

1 comment:

 1. Dear Sir,
  Is vaaastu and other systems like feng-shui applicable to flats? Please write ana rticle on flats/apartments also.
  Thanks
  babu george
  ba_george@yahoo.co.uk

  ReplyDelete