എന്താണ് ഭാഗ്യം?
എന്താണ് ഭാഗ്യം? ഈയൊരു ചോദ്യം ഒരിക്കലെങ്കിലും സ്വയം ചോദിച്ചിട്ടില്ലാത്തവർ വിരലിൽ എണ്ണാവുന്നവർ മാത്രമാകും. അതേപ്പറ്റി ആലോചിച്ച് തല പുണ്ണാക്കുന്നവരും കുറവല്ല. ഞാനും ഇതിനെപ്പറ്റി കുറെ ഏറെ ചിന്തിച്ചിട്ടുണ്ട്. പല ഗുരുക്കൻമാരോടും സംശയം ചോദിച്ചിട്ടുണ്ട്. തൃപ്തികരമായ ഒരു ഉത്തരവും ലഭിച്ചില്ല. 2008-ൽ മദ്ധ്യപ്രദേശിലെ ഇൻഡോർ എന്ന സ്ഥലത്തു വച്ചു നടന്ന ഒരു സെമിനാറിൽ വച്ച് 'ഗയ് ലി അഥർട്ടൻ ' എന്ന ഒരു ഓസ്ട്രേലിയൻ ഫുംഗ് ഷ്യേ മാസ്റ്ററെ കണ്ടപ്പോൾ എന്റെ സംശയം അവതരിപ്പിച്ചു. ആ ശ്രേഷ്ഠ വനിതയാണ് ഈ സംശയം ഏറെക്കുറെ നിവർത്തിച്ചു തന്നത്. അദ്ഭുതമെന്ന് പറയട്ടെ, അവരുടെ ദാർശനിക ചിന്തകൾ എല്ലാം തന്നെ ഭാരതീയ ചിന്താധാര അനുസരിച്ചുളളതായിരുന്നു എന്നത് എന്നെ ഏറെ അമ്പരപ്പിച്ചു. (ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് എപ്പോഴെങ്കിലും എഴുതാം.)
Mrs. Gayle Atherton
Mrs. Gayle Atherton
ഒരു ശാസ്ത്രത്തിനും നിർവ്വചിക്കാൻ പറ്റാത്ത ഒരു പ്രതിഭാസം ആണ് ഭാഗ്യം എന്നത്. അതിനുപകരം വയ്ക്കാൻ വേറെ വാക്കുകൾ ഉണ്ടാകാം. പക്ഷേ ഒന്നും അതിനു പകരമാവില്ല. കഠിനാധ്വാനം, ഈശ്വരകൃപ, ദൈവാധീനം തുടങ്ങിയ വാക്കുകൾ ഇതിനു പകരം ഉപയോഗിക്കാമെങ്കിലും ആ വാക്കുകൾ ഒന്നും തന്നെ 'ഭാഗ്യം' എന്ന വാക്കിന് തുല്യം ആവില്ല. ആകുമോ?
ഭാഗ്യം പെട്ടെന്നു അനുകൂലമാകുന്നു.അതു പോലെ വളരെ പെട്ടെന്ന് പ്രതികൂലവും ആകാം. ഇതിന്റെ കാരണങ്ങൾ തേടിയാൽ ഭൌതികതലത്തിലുള്ള അന്വേഷണങ്ങളോ പഠനങ്ങളോ കൊണ്ട് ഒന്നും കൊണ്ട് പ്രയോജനം ഉണ്ടാവുമെന്ന് തോന്നുന്നില്ല. അതിനാൽ അല്പം ആത്മീയ തലത്തിലെ ചിന്തകൾ ഉപയോഗപ്പെടുത്തുന്നു. ഭൌതികവാദികൾ എന്നോട് ക്ഷമിക്കുക.
എന്താണ് ഭാഗ്യം? ഒരു വ്യക്തിയുടെ കഴിവുകൾക്ക് ഏറ്റവും അനുയോജ്യമോ അതിലും നല്ലതോ സങ്കല്പിക്കാൻ കഴിയാത്തതോ ആയ അവസരങ്ങൾ വേണ്ടത്ര അംഗീകാരത്തോട് കിട്ടുമ്പോൾ നമ്മൾ അയാളെ ഭാഗ്യവാൻ എന്നു പറയുന്നു. ഭാഗ്യക്കുറിയിൽ കാണും പോലെ 'അത്' വളരെ പെട്ടെന്ന് അപാരമായ സമ്പത്ത് കൊണ്ടു തരുന്നു. നാം സ്വപ്നത്തിൽ മാത്രം നടക്കും എന്നു വിചാരിക്കുന്ന പലതും, സ്വപ്നം കാണുന്ന പല കാര്യങ്ങളും ഈ ഭാഗ്യദേവതയുടെ കടാക്ഷത്താൽ കണ്ണടച്ചു തുറക്കുമ്പോൾ യഥാർത്ഥ്യമാകുന്നു. ഭാഗ്യദേവതയുടെ ഇത്തരം വിക്രിയകൾ നാം നമ്മിലോ മറ്റുള്ളവരുടെ ജീവിതത്തിലോ കാണുന്നതും ആണല്ലാ. ഇതൊക്കെയാണ് ഭാഗ്യത്തിനെ പറ്റി പറയാനുള്ളത്.
ഭാഗ്യം ഒരു പ്രഹേളിക ആണെങ്കിലും അതിനെ ഒന്നു അപഗ്രഥിച്ചു മനസിലാക്കാൻ നോക്കാം. ശ്രീമതി ഗയ് ലി അഥർട്ടന്റെ ചിന്താധാര ഞാൻ കടമെടുക്കുന്നു.
ഭാഗ്യം മൂന്ന് തരം. അതായത് മൂന്ന് ഘടകങ്ങളുടെ ആകെത്തുകയാണ് നമ്മുടെ ഓരോരുത്തരുടേയും ഭാഗ്യം. അതെ. അങ്ങനെ നിങ്ങളുടെ ഭാഗ്യം അളക്കാൻ പറ്റും.
1) സ്വർഗ്ഗ ഭാഗ്യം (Heaven luck)
2) മനുഷ്യ ഭാഗ്യം (Man luck)
3) ഭൂമി ഭാഗ്യം (Earth luck)
1) സ്വർഗ്ഗഭാഗ്യം
മൊത്തം ഭാഗ്യത്തിന്റെ സൂചികയിൽ 35% മുതൽ 45% വരെയുള്ള പ്രധാനപ്പെട്ട ഒരു ഭാഗ്യമാണ് ഈ സ്വർഗ്ഗഭാഗ്യം. ഇത് അനുകൂലമാകുന്നവർ ജന്മനാ ഭാഗ്യശാലികൾ ആയിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.
2) മനുഷ്യഭാഗ്യം
ഇത്തരത്തിൽ തൊഴിൽ നന്നായി ചെയ്യുകയും ജീവിത ഉന്നമനത്തിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന എല്ലാവരിലും കുറഞ്ഞപക്ഷം ഭാഗ്യത്തിന്റെ 30% കടാക്ഷം ഉറപ്പാക്കാം.
3) ഭൂമി ഭാഗ്യം
പേര് സൂചിപ്പിക്കും പോലെ ഈ ഭാഗ്യം ഭൂമിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂമി എന്നാൽ നമ്മുടെ ചുറ്റുപാട്. ചുറ്റുപാട് എന്നാൽ വീടും പരിസ്സരവും, ജോലി ചെയ്യുന്ന സ്ഥലവും പരിസ്സരവും. ഇവ എങ്ങനെ നമ്മുടെ ഭാഗ്യത്തെ സ്വാധീനിക്കുന്നു എന്നല്ലേ? ഇവ നമ്മുടെ ജീവിതത്തേയും ഭാഗ്യത്തേയും മാത്രമല്ല ജീവിത ലക്ഷ്യത്തെ വരെ സ്വാധീനിക്കുന്നു. ഇത്തരം സ്വാധീനം പരമാവധി ഗുണകരമാക്കാനുള്ള ശ്രമങ്ങൺ നാം നമ്മുടെ വീട്ടിലും പറമ്പിലും ചെയ്യേണ്ടിയിരിക്കുന്നു.
നമുക്ക് ചുറ്റും നല്ല ഊർജവും ചീത്ത ഊർജ്ജവും ധാരാളമായുണ്ട്. പ്രകൃതി ശക്തികളുടെതായ നല്ല ഊർജ്ജം പരമാവധി വീട്ടിനുള്ളിലും പുറത്തും കിട്ടത്തക്കവിധം വീട് ഡിസൈൻ ചെയ്യുക, വീട് അത്തരത്തിൽ നിർമ്മിക്കുക, അതിന്റെ ഇന്റീരിയർ ഡക്കറേഷൻ നിർവ്വഹിക്കുക തുടങ്ങി പ്രധാനപ്പെട്ട കാര്യങ്ങൾ ഭൂമി ഭാഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നു.

മനുഷ്യന്റെ മനസ്സിന്റെ വിവിധ ചിന്താഗതികളെയും മനോഭാവങ്ങളെയും സ്വാധീനിക്കാൻ നാം താമസിക്കുന്ന മുറിക്കും ആ മുറി ഉൾപ്പെടുന്ന വീടിനും അതിന്റെ ചുറ്റുപാടുകൾക്കും കഴിയും എന്നതാണ് മേൽപ്പറഞ്ഞതിന്റെ ഒക്കെ രത്ന ചുരുക്കം. അതിനാൽ ചുറ്റുപാട് നന്നായാൽ നമ്മുടെ മനസ്സിൽ ഊർജ്ജവും ഉൻമേഷവും തനിയെ ഉണ്ടാകുന്നു. അങ്ങനെ നാം ചെയ്യുന്ന പ്രവൃത്തികൾക്ക് സാഫല്യം ഉണ്ടാകും. മനസ്സിന് ഊർജസ്വലതയും വളരെ ആരോഗ്യകരമായ മനോഭാവവും ഉണ്ടായാൽ ആർക്കും ജീവിത വിജയം നേടാം. മനുഷൃഭാഗൃം പോലെ തന്നെ ഭൂമി ഭാഗ്യവും ഏകദേശം 25% മുതൽ 35% വരെയാണ്.
വാസ്തു ശാസ്‌ത്രം, ഫുംഗ് ഷ്യേ തുടങ്ങിയവ പ്രാക്ടീസ് ചെയ്താണ് ഭൂമി ഭാഗ്യം ഉത്തേജിപ്പിക്കുന്നത്. ഇവ 100 % പ്രാവർത്തികമാക്കിയാൽ തന്നെ - അകെ ലഭിക്കുവാൻ ഇടയുള്ളത് 30% വരുന്ന ഭൂമിഭാഗ്യം മാത്രം. ഈ വസ്തുത മനസ്സിലാക്കിയാൽ, വാസ്തു പ്രാക്ടീസ് ചെയ്തു ജീവിതത്തിൽ എല്ലാം ഇരുട്ടി വെളുക്കുമ്പോൾ അനുകൂലമായി വരും എന്ന രീതിയിൽ കള്ള പ്രചാരണം നടത്തുന്നവരെ സൂക്ഷിക്കണം.
സ്വർഗ്ഗഭാഗ്യത്തിന്റെ അളവ് നമ്മുടെ സമയം പോലെ മാറിക്കൊണ്ടിരിക്കുന്നു. അതിന്റെ കുറവ് മറ്റ് രണ്ട് ഭാഗ്യങ്ങളിലൂടെ പരിഹരിച്ചില്ലെങ്കിൽ ജീവിതം വഴിമുട്ടുമെന്ന് സാരം. ഉദാഹരണത്തിന് ഒരാളുടെ സ്വർഗ്ഗഭാഗ്യം 10% മാത്രമേ ഉളളൂ എന്ന് കരുതുക. അയാൾ സ്വന്തം നിലയിൽ കഠിന പ്രയത്നം നടത്തുന്ന ആൾ ആയതിനാൽ മനുഷ്യ ഭാഗ്യവും 30% ഉണ്ടെന്ന് കരുതാം. വാസ്തു വിപരീതമെങ്കിൽ ആകെ ഉള്ള ഭാഗ്യം 10+30=40% മാത്രമാണ്. ജീവിതവിജയത്തിന് ഇത് പോരാതെ വരുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഭൂമി ഭാഗ്യം അധികരിപ്പിച്ച് - അതായത് വേണ്ട വാസ്തു കറക്ഷൻസ് നടത്തി - ജിവിത വിജയം ഉറപ്പുവരുത്താം. നമ്മുടെ മോശസമയത്ത് ഭൂമി ഭാഗ്യത്തിന്റെ പ്രസക്തി വളരെ വലുതാണ് എന്ന് സാരം.
വളരെ ഒന്നും കഠിനാദ്ധ്വാനം ചെയ്യാതെ സുഖലോലുപരായി ജീവിക്കുന്ന പലരേയും നിങ്ങൾ കണ്ടിട്ടില്ലേ? അത്തരക്കാരുടെ സ്വർഗ്ഗഭാഗ്യം വളരെ നല്ലതായിരിക്കും. അവർ അറിഞ്ഞോ അറിയാതെയോ അവരുടെ ഭൂമി ഭാഗ്യവും നന്നായിരിക്കും. നോക്കൂ ആകെ ഭാഗ്യം എത്രയുണ്ട് എന്ന്. 40+30 =70% ഇത് ധാരാളം മതി ജീവിതവിജയത്തിന്.
ഇനി ചില പ്രശസ്തരുടെ കാര്യം കൂടി നോക്കാം. അവർ പ്രശസ്തരാകുന്നത് അങ്ങേയറ്റത്തെ കഠിന പ്രയത്നംകൊണ്ടു കൂടിയാണ്. അവരുടെ ഭൂമി ഭാഗ്യവും സ്വർഗ്ഗഭാഗ്യവും പരമാവധി ഉണ്ടാകും. കൂടാതെ കഠിന പ്രയത്നത്തിലൂടെയുള്ള മനുഷ്യ ഭാഗ്യവും. അവരുടെ ആകെ ഭാഗ്യം എത്ര എന്ന് നോക്കാം. 40 + 30 + 30 = 100%.
അത്തരത്തിലുള്ളവർ തൊടുന്നതെല്ലാം പൊന്നായി മാറും.
ഭാഗ്യത്തെപ്പറ്റി ഇത്രയൊക്കെ അറിഞ്ഞത് പോരേ? നിങ്ങളുടെ ഭാഗ്യവും ഒന്ന് അളന്ന് നോക്കൂ.
എന്തെങ്കിലും അഭിപ്രായമോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ അത് അറിയിക്കാൻ മടിക്കരുത്. ഇമെയിൽ വിലാസം
lal@keralaengineer.com
( DC Books അടുത്തിടെ പുറത്തിറക്കിയ "ഫുംഗ്ഷ്വേ നിത്യജീവിതത്തിൽ" എന്ന ഗ്രന്ഥത്തിൽ നിന്ന്)
10-4-2014
No comments:
Post a Comment