Monday, April 2, 2018

കാലദേശോചിതമായി മാറണം വാസ്തുശാസ്ത്രം.

വാസ്തുശാസ്ത്രം കെട്ടിട നിർമ്മിതിയുടെ പരമ്പരാഗതവും പുരാതനവും ആയ ശാസ്ത്രമാണ്. അഥർവ്വവേദത്തിന്റെ ഉപവേദമായ സ്തപത്യവേദം ആണ് വാസ്തുശാസ്ത്രത്തിന് ആധാരം. ഈ ശാസ്ത്രം ഏകദേശം 5000 വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ടതാണത്രേ. വളരെ വ്യാപകമായ അർത്ഥത്തിൽ ഈ ഭൂമിയുടെ വ്യാപ്തിയോളം വിശാലമാണ് ഇതിലെ വാസ്തു പുരുഷ സങ്കല്പം. വാസ്തുശാസ്ത്രം താല്കാലികവും സ്ഥിരവുമായ എല്ലാ ഗണത്തിൽപ്പെടുന്നവരുടേയും വാസസ്ഥലങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു. മനുഷ്യരുടെയോ മറ്റു ജീവജാലങ്ങളുടേയോ മാത്രമല്ല, ഭൂമിയിലെ മറ്റ് അദൃശ്യ ശക്തികൾക്കുള്ള വാസസ്ഥലങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന വിശാലവീക്ഷണം ഉള്ള ഒരു അതിഭൗതിക (metaphysical) ശാസ്ത്ര ശാഖയാണിത്. ചുരുക്കത്തിൽ സർവ്വ ചരങ്ങർക്കും കൂടാതെ ദേവൻമാർ ഉൾപ്പെടെയുള്ള പ്രപഞ്ചശക്തികൾക്കും സ്ഥിരമായും താത്കാലികമായും വസിക്കാനും സമയം ചെലവിടുവാനുമുള്ള സ്ഥലത്തിന്റെയും വീടിന്റേയും വാഹനങ്ങളുടേയും ഗൃഹോപകരണങ്ങളുടേയും കണക്കുകളും സ്ഥാനങ്ങളും ദിശകളും ഒക്കെ ഇതിൽ പ്രതിപാദിക്കപ്പെടുന്നു.

വാസ്തുശാസത്രത്തെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.   'ഭൂമിവാസ്തു' ഭൂമിയെപ്പറ്റി പൊതുവിലും വീട് വയ്ക്കാൻ ഉള്ള സ്ഥലത്തെപ്പറ്റി വിശദമായും പ്രതിപാദിക്കുമ്പോൾ ‘ഹർമ്യവാസ്തു' വീടുകളുടേയും ആരാധനാലയങ്ങളുടേയും നിർമ്മിതിയെപ്പറ്റി പറയുന്നു. 'യാനവാസ്തു' വാഹനങ്ങളെപ്പറ്റിയും സഞ്ചരിക്കാൻ ഉള്ള സംവിധാനങ്ങളെപ്പറ്റിയും പറയുന്നു. ’ശയനവാസ്തു'വിൽ നാം താത്കാലികമായി ഇരിക്കാനും കിടക്കാനുമുപയോഗിക്കുന്ന കട്ടിൽ, കസേര, തൊട്ടിൽ തുടങ്ങിയ വീട്ടുപകരണങ്ങളുടെ കണക്കുകളും അലങ്കാര പണികളും വിശദീകരിക്കുന്നു.

'വാസ്തുവിദ്യ’ മേൽപ്പറഞ്ഞവയെപ്പറ്റിയുള്ള അറിവാണെങ്കിൽ, ‘വാസ്തുശാസ്ത്രം' വാസ്തുവിദ്യയിൽ നിന്ന് അരിച്ചെടുത്ത ചില നിയമങ്ങളും നിബന്ധനകളും അടങ്ങിയ ഒരു കോഡ് ആണ്. ഈ കാലഘട്ടത്തിൽ നാം 'ശാസ്ത്ര’ത്തെയാണ് -  നിയമങ്ങളേയും നിബന്ധനകളേയും ആണ് - കൂടുതൽ ആശ്രയിക്കുന്നത് എന്ന് തോന്നുന്നു. കാര്യങ്ങൾ എളുപ്പത്തിൽ നടപ്പാക്കാം എന്നതാണ് ഇതിന്റെ ഒരു മേന്മ. അതിനാൽ കാര്യങ്ങളുടെ അന്തസ്സത്ത മനസ്സിലാക്കാൻ ആരും മിനക്കെടുന്നില്ല എന്നത് ഇതിനെ യുക്തിപരമല്ലാത്ത ഒന്ന് ആക്കിയോ എന്ന സംശയം ജനിപ്പിക്കുന്നു.  എല്ലാ പൗരാണിക ശാസ്ത്രങ്ങൾക്കും സംഭവിച്ച അപചയം ഇവിടെയും ഉണ്ടായി അത്രമാത്രം. അതിന്റെ അളവും ആഴവും കൂടിയും വരുന്നു.

വീടും പരിസരവും വ്യക്തികൾക്കു നൽകുന്ന സാന്ത്വനവും സംരക്ഷണവും ഉത്തമമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വാസ്തുശാസ്ത്രം നിലകൊള്ളുന്നത്. നാം താമസിക്കുന്ന വീട്ടിലെ സന്തോഷകരമായ ജീവിതം നല്ലൊരു വ്യക്തിയേയും അങ്ങനെ സമൂഹത്തെയും സ്യഷ്ടിയ്ക്കും.  തദ്വാരാ നല്ലൊരു രാജ്യം പടുത്തുയർത്തപ്പെടും എന്നതാണ് വാസ്തു ശാസ്ത്രത്തിന്റെ ഉത്ഭവത്തിന്റെ ലക്ഷ്യം. നല്ല കാറ്റും വെളിച്ചവും പ്രകൃതിയുമായി ഇണങ്ങി ജീവിക്കലും ഒക്കെ ഒരു വ്യക്തിയെ സന്തോഷവാൻ ആകുന്നു. പ്രകൃതിയുടെ സാന്ത്വനം നമ്മുടെ ദുഖങ്ങളുടെ ആഘാതം കുറയ്ക്കുന്നു. ഭംഗിയുള്ള നിർമ്മിതി കാഴ്ചയ്ക്ക് സന്തോഷം പകരുന്നു.  മോശമായ പ്രകൃതി ശക്തികളിൽ നിന്നും സംരക്ഷണം നൽകുന്നു. ഇണങ്ങാനും പിണങ്ങാനും ഇണചേരാനും കുട്ടികളെയും പ്രായമായവരെയും സംരക്ഷിക്കാനും വീട് വേണം. മനുഷ്യന്റെ ആവശ്യങ്ങൾക്ക് ഇണങ്ങി നിർമ്മിക്കപ്പെടുന്ന വീട് ധൂർത്തും പ്രകൃതി ചൂഷണവും പരമാവധി കുറച്ചു വേണം പണിയാൻ. അങ്ങനെ പ്രകൃതിയ്ക്ക് ഇണങ്ങിയ വീട് ഊർജ്ജദായകമാണ്. അത്തരം നല്ല ചുറ്റുപാടുകൾ വ്യക്തികളെ പ്രബുദ്ധർ ആക്കുന്നു. എന്നതിനോടൊപ്പം പ്രകൃതിയുമായി ഇണങ്ങി പോവുക എന്ന ഉത്തമ ലക്ഷ്യം സാക്ഷാത്കരിക്കുകയും ചെയ്യുന്നു. സ്വന്തം കാര്യങ്ങൾക്ക് നമുക്കുള്ള കരുതൽ മറ്റുള്ളവരുടെ കാര്യത്തിലും ഉണ്ടായാൽ ആരോഗ്യകരമായ ഒരു സമൂഹം ഉണ്ടാകും. പ്രപഞ്ചത്തോളം വിശാലമായ വീക്ഷണം, സങ്കുചിതവും പ്രാദേശികവും മതപരവുമായ സങ്കുചിത ചിന്താഗതികളെ അകറ്റി നിർത്തുന്നു. പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങൾക്കും ഇവിടെ ജീവിക്കാൻ അവകാശം ഉണ്ടെന്നത് നമ്മുടെ സ്വാർത്ഥചിന്തയും അഹങ്കാരവും  ഒരു പരിധി വരെ കുറയ്ക്കുന്നു.

അങ്ങനെ ഒരു നന്മ മുന്നിൽ കണ്ടു കൊണ്ട് ഉണ്ടായ വാസ്തു ശാസ്ത്രത്തിന് ഇന്ന് ഏറെ പഴി കേൾക്കേണ്ടി വരുന്നുണ്ട്. എന്താണ് അതിന് കാരണം? അന്ധവിശ്വാസങ്ങൾ ആണിത് എന്നതാണ് പ്രധാന ആരോപണം. അന്ധമായി ഏതിലും വിശ്വസിക്കുമ്പോൾ  അന്ധവിശ്വാസം ജനിക്കുന്നു. മനുഷ്യന്റെ യുക്തി പ്രയോഗിക്കാതെ പ്രായോഗികതലത്തിൽ കൊണ്ടു വരുന്ന ഏതും അന്ധമായി പ്രയോഗിക്കുന്നവയാണ്. യുക്തിയുടേയും പ്രായോഗികതയുടേയും മാറിയ സാഹചര്യങ്ങളുടെയും പുതിയ സമ്പ്രദായങ്ങളുടേയും പ്രയോഗം വസ്തുവിദ്യയിൽ ആചാര്യൻമാർ നടത്തണം.
വാസ്തുശാസത്രം പ്രയോഗിക്കേണ്ടത് കാലദേശോചിതമായിരിക്കണം എന്ന നിഷ്കർഷ വാസ്തുവിൽ ഉണ്ട്. വാസ്തു വിദ്യയുടെ അന്തസ്സത്ത അറിയുന്ന ആചാര്യൻമാർക്ക് മാത്രമേ അതിനുള്ള അവകാശം ഉള്ളൂ എന്നത് പരമപ്രധാനം.

പക്ഷേ ഒരു യുക്തിശാസ്ത്രത്തിനും കിഴക്കുദിക്കുന്ന സൂര്യന്റെ ദിശ മാറ്റാൻ പറ്റില്ല. ഭൂമിയുടെ ഭ്രമണദിശയും നമുക്ക് മാറ്റാൻ പറ്റില്ല. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയെ ചുറ്റിപ്പറ്റിയാണ് ഇന്നും മനുഷ്യന്റെ ജീവിതം എന്നതിനാൽ പ്രപഞ്ചശക്തികളെ തള്ളിപ്പറയുവോളം നാം വളർന്നിട്ടില്ല എന്നതാണ് പരമാർത്ഥം. അതിനാൽ ഇവയെ തള്ളിപ്പറയുന്ന  യുക്തികൾക്കും വാദങ്ങൾക്കും കഴമ്പില്ല.

പക്ഷേ യുക്തി പ്രയോഗിക്കാനാവുന്ന കാര്യങ്ങളിൽ നമുക്ക് സ്വന്തമായി ഒരു തീരുമാനം എടുക്കാൻ കഴിയും. വാസ്തുവിദ്യ പഠിച്ച ആചാര്യന്മാർ ഒത്തു കൂടി ചർച്ചകൾ നടത്തി വാഗ്വാദങ്ങളിലൂടെ പുതിയ നിയമങ്ങൾ രൂപപ്പെടുത്തണം. എന്നു വച്ചാൽ പ്രപഞ്ചശക്തികളിൽ നിന്നും വിടുതൽ നേടിയ മേഖലകളിൽ ഇവ പരീക്ഷിക്കാവുന്നതാണ്. എഞ്ചിനീയറിംഗ്‌ സാങ്കേതിക വിദഗ്ദ്ധർ  വീടിന്റെ ഘടനയിലും പ്രയോഗത്തിലും അടുത്ത ദശാബ്ദങ്ങളിൽ നേടിയ പുരോഗതികളുടെ അടിസ്ഥാനത്തിൽ ഇവ പുനർവിചിന്തനം ചെയ്യപ്പെടേണ്ടതാണ്. പഴമയെ മാത്രം ആശ്രയിച്ചിട്ട് കാര്യമില്ല. ലോകം മാറുമെന്നും സാങ്കേതിക വിദ്യകൾ മാറുമെന്നും മനുഷ്യ മനസ്ഥിതിയും ആവശ്യങ്ങളും മാറുമെന്നും അറിഞ്ഞു കൊണ്ട് തന്നെയാകണം പുതിയ മാറ്റങ്ങളെ കൂടി ഉൾക്കൊള്ളാൻ തക്കവണ്ണം ഈ വ്യവസ്ഥ വാസ്തുവിദ്യയിൽ ഉൾക്കൊള്ളിച്ചത്. അത് നാം കണ്ടില്ലെന്ന് നടിച്ച് ഇരിക്കുന്നു എന്നു മാത്രം.

ഒരു ചെറിയ ഉദാഹരണം പറഞ്ഞാൽ വീട്ടിനുള്ളിലെ താപത്തിന്റെ (ചൂടിന്റെയും തണുപ്പിന്റേയും ) അളവുകൾ ഇക്കാലത്ത് കൃത്രിമമായി നിയന്ത്രിക്കാവുന്നതാണ്. വാതിലുകളും വാതായനങ്ങളും വീടിന്റെ ദിശയും ക്രമീകരിച്ചാണ് ഇവ പണ്ടുകാലങ്ങളിൽ ചെയ്തു കൊണ്ടിരുന്നത്. കേരളത്തിൽ അടുക്കളയുടെ സ്ഥാനം പോലും വടക്ക് കിഴക്ക് എന്നത് അത് ഈശാന കോൺ ആയതു കൊണ്ടല്ല, തെക്ക് പടിഞ്ഞാറൻ കാറ്റിൽ അടുക്കളയിൽ നിന്നും ഉയരുന്ന തീപ്പൊരികൾ സ്വയം ആ വീടിന്റെ തന്നെ അഗ്നിബാധയ്ക്ക് കാരണം ആകരുത് എന്ന ലക്ഷ്യത്താലാണ്. ഇപ്പോൾ ഗ്യാസ് ഉപയോഗിക്കുന്ന വീടുകളിൽ അഗ്നിബാധയ്ക്ക് യാതൊരു സാധ്യതയും ഇല്ല. അതിനാൽത്തന്നെ ഈ നിയമത്തിന് സാധുതയും ഉണ്ടാവുന്നില്ല. തെക്ക് കിഴക്ക് ആയാൽ അതിരാവിലെ തന്നെ സൂര്യ പ്രകാശം അടുക്കളയിൽ എത്തും. വെയിൽ ഉള്ളിലെത്തിയാൽ അവിടെ ദോഷകരമായ ജീവാണുക്കളുടെ നാശം ഉണ്ടാവുന്നു. പ്രധാനമായും രാവിലെ തന്നെ ആകാശം കാണാനും പ്രകൃതിയുമായി കണക്ട് ചെയ്യാനും ഈ ദിശ ഉത്തമമാണ്.

കൂടാതെ ഏത് ദിശയിൽ നിന്നും നല്ല വായുവിനെ വലിച്ചെടുത്ത് അരിച്ച് തണുപ്പിച്ച് നമ്മുടെ മുറികൾക്കുള്ളിൽ വിതരണം നടത്തുന്ന HVAC (Heating Ventilation and Air Conditioning) സംവിധാനം എത്രയോ വർഷങ്ങൾക്ക് മുൻപേ നിലവിൽ വന്നു. മുൻപ് സ്ഥാപനങ്ങളിൽ മാത്രം ഉണ്ടായിരുന്ന ഈ സംവിധാനം പതിയെപ്പതിയെ സാധാരണ വീടുകളിൽ വരെ എത്തി നിൽക്കുന്നു. തെക്കുപടിഞ്ഞാറൻ ചൂടിനെ നിയന്ത്രിക്കാനായി അവിടത്തെ അളവുകൾ ക്രമീകരിക്കാൻ വേണ്ട ഡിസൈനുകൾ തയ്യാറാക്കാൻ നമ്മുടെ എഞ്ചിനീയർമാർക്കും ആർക്കിടെക്ടുമാർക്കും നന്നായി അറിയാം. അത്തരം ക്രിത്രിമ സാഹചര്യങ്ങളിൽ നാം പ്രകൃതിയെ അതിജീവിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട വാസ്തു ശാസ്ത്ര നിയമങ്ങളും അപ്രസക്തമായി പോകുന്നു. അത് യുക്തിപരമായി കാണാനും അതിനനുസരിച്ച്‌ തീരുമാനങ്ങൾ എടുക്കാനും വാസ്തു വിദ്യാവിദഗ്ദ്ധൻമാർക്ക് കഴിയേണ്ടതുണ്ട്.

5000 വർഷങ്ങൾക്ക മുൻപ് ജാതിയോ മതങ്ങളോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ എഴുതപ്പെട്ട ശാസ്ത്രം തീർച്ചയായും മൊട്ടിട്ടു വരുന്ന മനുഷ്യജാതിക്ക് വേണ്ടി മാത്രം ഉദ്ദേശിച്ചവ ആയിരിക്കും എന്നു തീർച്ചയല്ലേ. അവനെ പ്രകൃതി ശക്തികളിൽ നിന്നും രക്ഷിക്കാനും കൂടാതെ തലമുറകൾ ആരോഗ്യത്തോടെ നിലനിർത്തിപ്പോരാനും ഇത് സഹായിച്ചിട്ടുണ്ടാവണം.  നേരത്തേ പറഞ്ഞ പോലെ കാലം കഴിയുന്നതനുസരിച്ച് അതിൽ വേണ്ട മാറ്റങ്ങൾ വരുത്തേണ്ടതുമാണ്. അന്നത്തെ ആചാര്യൻമാർ അതിനുള്ള വ്യവസ്ഥകളും അതിൽത്തന്നെ എഴുതി ചേർത്തിരുന്നു എന്നുള്ളത് അത്ഭുതാവഹമായ കാര്യങ്ങളാണ്. വാസ്തുശാസ്ത്രം പ്രയോഗിക്കാൻ അധികാരമുള്ള ആചാര്യൻ അത് കാലദേശോചിതമായി നടപ്പാക്കാൻ ബാദ്ധ്യസ്ഥനാണ്. വാസ്തുവിന്റെ അന്തസ്റ്റത്ത മനസ്സിലാക്കുന്ന ആചാര്യന് അദ്ദേഹം ജീവിക്കുന്ന കാലത്തിനും താമസിക്കുന്ന ദേശത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കിയും യുക്തിസഹമായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. അത് ആരും ചോദ്യം ചെയ്യുകയില്ല.

നഗരപ്രദേശങ്ങളിൽ വീട് പണിയുന്നവരിൽ വാസ്തുവിൽ വിശ്വസിക്കുന്നവരുടെ കാര്യം വളരെ കഷ്ടമാണ്. സ്ഥലപരിമിതി മൂലം വാസ്തുനിയമങ്ങൾ പാലിക്കാൻ സാധിക്കാത്തവർ അണ് അവർ. അവർക്കു വേണ്ടി വാസ്തുവിന്റെ പൊരുൾ നഷ്ടപ്പെടുത്താതെ തന്നെ നിയമങ്ങൾ ലഘൂകരിക്കാൻ സാധിക്കും. അത്തരം മാറ്റങ്ങൾ മാറിയ ജീവിത ശൈലിക്കും കാലഘട്ടത്തിനും  അനുസൃതമായി കൊണ്ടുവരുന്നത് ഏറെപേർക്ക് അശ്വാസം നൽകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള ബിൽഡിംഗ് റൂൾസ് കൂടി പരിഗണിക്കുന്നത് വളരെ നന്നായിരിക്കും. കാരണം നിയമപരമായി കെട്ടിടം നിലനിൽക്കണമെങ്കിൽ അത് കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് അനുസൃതമായിരിക്കണം.

കൂടാതെ വാസ്തുശാസ്ത്രം രൂപപ്പെടുന്ന കാലഘട്ടത്തിൽ പ്രശാന്ത സുന്ദരമായിരുന്നു മനുഷ്യ ജീവിതം. ഈ പ്രകൃതിയും നമ്മുടെ ചുറ്റുപാടും ഒക്കെ ശുദ്ധവും സുന്ദരവും ആയിരുന്നു. അതിന് ശേഷം 1950 AD വരെയുള്ള കാലഘട്ടം ഒരു നല്ല കാലഘട്ടം ആയിരുന്നു എന്ന് പറയാൻ പറ്റും. ഓരോരോ കണ്ടു പിടിത്തങ്ങളുടെ ഫലമായി നാം ആർജ്ജിച്ച അറിവുകൾ ഉത്പന്നവും സേവനങ്ങളും ആയി മാറിയപ്പോൾ, അത് നമ്മുടെ ജീവിതം മാറ്റിമറിച്ചപ്പോൾ  അവയുടെ ദോഷവശങ്ങളെപ്പറ്റി അധികം ആരും അധികം വേവലാതി പൂണ്ടില്ല. കൃത്രിമമായി മനുഷ്യൻ ന്യഷിച്ചതെല്ലാം മനുഷ്യകുലത്തിന് നാശമായി ഭവിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നമുക്ക് ചുറ്റും കാണാൻ സാധിക്കുന്നത്. വായുമലിനീകരണം, ജലമലിനീകരണം തുടങ്ങി, വീടിന്റെ ഉൾഭാഗത്ത് കാണാൻ സാധ്യതയുള്ള ഇലക്ട്രിക് റേഡിയേഷനും ഇലക്ട്രോ മാഗ്‌നറ്റിക് റേഡിയഷനും മൈാബൈൽ ടവറുകളിൽ നിന്നുള്ള റേഡിയേഷനുകളും ഭൂമിയുടെ അന്തർഭാഗത്ത് നിന്നും വമിക്കുന്ന ഹാർട്ട് മാൻ ലൈൻ, കേറി ലൈൻ എന്നിവയും നമ്മുടെ ആരോഗ്യത്തേയും മനസ്സിന്റെ സമനിലയേയും കാർന്നു തിന്നുന്നു. ഇവയിൽ ഒട്ടുമുക്കാലും ഘടകങ്ങൾ വീടുമായി ബന്ധപ്പെട്ടവയാകുന്നു. അതീവ വിഷമയമായ വാതകങ്ങൾ (Volatile Organic Chemicals) പുറത്തു വിടുന്ന പെയിന്റിംഗും പ്ലാസ്റ്റിക്സാധനങ്ങളും വിട്ടിൽ ധാരാളമായി ഉണ്ടാകും. ഇത്തരം ഘടകങ്ങളെ പറ്റി വിശദമായി പഠിച്ച ശേഷം അതിന്റെ ദോഷവശങ്ങളെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും നടപ്പാക്കിയില്ലെങ്കിൽ സ്വസ്ഥജീവിതത്തിന് വാസ്തുശാസ്ത്രം അനുശാസിക്കുന്നത്  മാത്രം കേട്ടാൽ മതിയാകില്ല.

അതിനാൽ ഇത്തരം പൊളിച്ചെഴുത്തുകൾ ഇല്ലാതെ വന്നാൽ അത് ആ മഹത്തായ ശാസ്ത്രത്തിന് തന്നെ ദോഷമായി ഭവിക്കും. ഇനിയും കാലം കഴിയുമ്പോൾ ആളുകൾ അതിനെ അന്ധവിശ്വാസത്തിൽപ്പെടുത്തി ചവറുകുട്ടയിൽ എറിയും. വിശ്വാസികൾ ആകട്ടെ, പൊരുൾ അറിയാതെ വിദ്യ പ്രയോഗിക്കുന്ന കൺസൾട്ടന്റുമാരാൽ നിരന്തരം പറ്റിക്കപ്പെട്ടുകൊണ്ടും ഇരിക്കും. ഇത് അനുവദിച്ചുകൂടാ. അതിനാൽ കാല ദേശോചിതമായി വാസ്തുശാസ്ത്രം മാറ്റണം.മാത്രമല്ല മാറ്റമില്ലാത്തതായി മാറ്റമല്ലാതെ മറ്റൊന്നും ഉണ്ടാവാനും പാടില്ല.

ലേഖകൻ: സുരേഷ് ലാൽ എസ്.ഡി
(വാസ്തു, ഫുംഗ് ഷ്യേ, ബാവു ബയോളജി വിദദ്ധനും എഞ്ചിനീയറിംഗ് കൺസൾട്ടന്റുമാണ് ലേഖകൻ) cell: 9895077716, website: www.keralaengineer.com
Email: Lal@keralaengineer.com

Tuesday, April 26, 2016

വാസ്തു സത്യമോ മിഥ്യയോ? ഭാഗം 3

വാസ്തു സത്യമോ മിഥ്യയോ 
ഭാഗം 3

മുൻപു  പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങളിൽ വാസ്തു ശാസ്ത്രത്തിനു് പൊതുജനങ്ങളുടെ ഇടയിൽ ഉള്ള ധാരണയെപ്പറ്റിയും വിശ്വാസത്തെപ്പറ്റിയും പ്രതിപാദിക്കുകയുണ്ടായി.  കൂടാതെ വാസ്തു ശാസ്ത്രത്തിന്റെ യഥാർത്ഥ ഉദ്ദേശ ശുദ്ധി അതിന്റെ പൂർണ്ണ അർത്ഥത്തിൽ എങ്ങനെ മനുഷ്യർക്ക് കൂടുതൽ ഉപയോഗ കരമായി മാറ്റിത്തീർക്കാം എന്നും ചർച്ച ചെയ്തു. പ്രധാനപ്പെട്ട വാസ്തു തത്വങ്ങളുടെ ശാസ്ത്രീയ വശം എന്തെന്ന് പരിശോധിച്ചു വരവേ മൂന്ന് പ്രധാന തത്വങ്ങൾ പരിഗണിക്കപ്പെടുകയുണ്ടായി. അതിനെപ്പറ്റി വിശദമായി നാം ചർച്ച ചെയ്യുകയുണ്ടായി. ഇനി നാലാമത്തെ പ്രധാനപ്പെട്ട ഒരു തത്വം ഇപ്രാവശ്യം പരിചയപ്പെടാം.
തുടർന്നു വായിക്കു..


വാസ്തു പ്രകാരം ഒരു പ്ലോട്ടിന്റെ ഏതു ഭാഗത്ത് വേണം കെട്ടിടം പണിയാൻ? അതിന്റെ ശാസ്ത്രീയ വശം എന്താണ്?

ഒരു പ്ലോട്ടിന്റെ ഏത് ഭാഗമാണ് കെട്ടിടം പണിയാൻ ഉത്തമം? മുൻവശമാണോ പിൻഭാഗമാണോ അഭികാമ്യം?  ഇടത്തു വശമാണോ വലത്തു വശമാണോ നല്ലത് ? വലിയതും ഇടത്തരം വലുപ്പവുളള പ്ലോട്ടുകളിൽ കെട്ടിടം പണിയാൻ നേരം ഈ സംശയം പലർക്കും ഉണ്ടാകുന്നു.
ഇതിന് ഫലപ്രദമായ നിർദ്ദേശങ്ങൾ വാസ്തു ശാസ്ത്രത്തിൽ ഉണ്ട്. വാസ്തു എന്തു പറയുന്നു എന്നത് തത്കാലം മറക്കുക. നാം നമ്മുടെ സ്വയം തീരുമാനത്തിൽ എന്തു ചെയ്യും?  പലരും ചെയ്തിട്ടുള്ളത് ഞാൻ കണ്ടത് എന്താണെന്ന് വച്ചാൽ പ്ലോട്ടിന്റെ മദ്ധ്യഭാഗത്ത് വീട് വച്ചതായിട്ടാണ്.

നഗരപ്രദേശങ്ങളിൽ ഒരു വീട് വയ്ക്കാൻ  3 മുതൽ 6 സെന്റ് വരെ വേണ്ടി വരും. ഗ്രാമങ്ങളിൽ ആണെങ്കിൽ 10 മുതൽ 60 സെന്റ് വരെയാണ് ഒരു വീടിന് വേണ്ട സ്ഥലം. ഈ രണ്ട് സ്ഥലങ്ങളിലും ഇതിലും ഇരട്ടിയോ നാല് ഇരട്ടിയോ വലുപ്പമുള്ള പ്ലോട്ടുകൾ ഉണ്ടെങ്കിൽ അതിൽ ഏതു ഭാഗത്ത് ആണ് വീട് വയ്ക്കാൻ ഉത്തമം? താരതമ്യേന വലിയ പ്ലോട്ടുകൾ ഉള്ള സ്ഥലങ്ങളിൽ മിക്കവാറും   അതിന്റെ മദ്ധ്യഭാഗത്ത് വീട് വയ്കാൻ എല്ലാവരും ഇഷ്ടപ്പെടുന്നു.

ഇനി നാം പരിശോധിക്കുന്ന നാലാമത്തെ വാസ്തു തത്വം എന്താണെന്ന് നോക്കാം.

4) പ്ലോട്ടിനെ നാലായി വിഭജിച്ചാൽ അതിന്റെ വടക്കുകിഴക്ക് ഖണ്ഡത്തിലോ ( മനുഷ്യ ഖണ്ഡം) തെക്ക് പടിഞ്ഞാറ് ഖണ്ഡത്തിലോ (ദേവ ഖണ്ഡം) മാത്രമേ കെട്ടിടം പണിയാവൂ. അഗ്നി ഖണ്ഡവും (SE) വായു ഖണ്ഡവും (NW) ഒഴിവാക്കുക.

ഒരു പ്ലോട്ട് നാം തെരഞ്ഞെടുത്തു കഴിഞ്ഞാൽ അതിനെ ദിശകൾക്ക് അനുസരിച്ച് ചതുരീകരിക്കണം. ആ ചതുരത്തിൽ കണ്ട വസ്തുവിന്റെ നേർമദ്ധ്യ ഭാഗത്ത് കൂടി കിഴക്ക്  പടിഞ്ഞാറ് അയി കടന്നു പോകുന്ന സാങ്കല്പിക രേഖയാണ് ബ്രഹ്മ സൂത്രം.  തെക്ക് വടക്ക് ദിശയിലെ സാങ്കല്പിക രേഖയ്ക്ക് യമസൂത്രം എന്നും പറയുന്നു.

ഇത്തരത്തിൽ ബ്രഹ്മസൂത്രവും യമസൂത്രവും 4 ആയി തിരിച്ച വാസ്തുമണ്ഡലത്തിന്റെ വടക്ക് കിഴക്ക് വരുന്ന ചെറു ചതുരമാണ് മനുഷ്യ ഖണ്ഡം. ഇത് വീട് വയ്ക്കാൻ ഉത്തമമാണ്. തെക്ക് പടിഞ്ഞാറ് വരുന്ന ചെറു ചതുരമാണ് ദേവ ഖണ്ഡം.  ചിത്രം നോക്കുക. (ഖണ്ഡം = quadrant). ഇവിടെ സൂചിപ്പിച്ച ദേവഖണ്ഡത്തിലും മനുഷ്യ ഖണ്ഡത്തിലും കെട്ടിടം പണിയാം എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.  വടക്കു പടിഞ്ഞാറ് വരുന്ന വായു ഖണ്ഡത്തിൽ വേണ്ടമെങ്കിൽ ആകാം. തെക്ക് കിഴക്ക് വരുന്ന അഗ്നി ഖണ്ഡത്തിൽ ഒട്ടും പാടില്ല എന്നും പറയുന്നു.





എന്നാണ് ഇതിന്റെ ശാസ്ത്രീയ അടിത്തറ? നമുക്ക് നോക്കാം.

1) വീട് പോലുള്ള പ്രസാദാത്മക കെട്ടിടങ്ങൾ (functional buildings) വരും തലമുറകൾക്ക് അവകാശപ്പെട്ടത് ആയിരിക്കും. അതിനാൽ ആണല്ലോ മക്കൾ വളർന്നു കഴിഞ്ഞാൽ രക്ഷിതാക്കൾ അവരുടെ സ്വത്തുക്കൾ ഭാഗം വയ്ക്കുന്നത്.  അങ്ങനെ ഭാഗം വയ്ക്കുമ്പോൾ വീട് മുറിച്ച് ഭാഗം വയ്ക്കുക എന്നത്‌ വളരെ ദുഷ്കരവും സങ്കടകരവും ആയ ഒരു കാര്യമാണ്. വലിയ പ്ലോട്ടിന്റെ മദ്ധ്യഭാഗത്ത് വീട് വന്നാൽ ഇത്തരം അനുഭവം ഉണ്ടാകും.  വാസ്തു പ്രകാരം പണിഞ്ഞ വീട്  ആണെങ്കിൽ വീടും അത് നില്ക്കുന്ന സ്ഥലവും ഒരാൾക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ എഴുതി കൊടുക്കാം. മറ്റ് സ്ഥലം മറ്റുള്ളവർക്കും കൊടുക്കാം.  അതിനാൽ ഈ വാസ്തു തത്വം ഏറെ പ്രയോജനകരവും പ്രായോഗികവുമായ ഒന്നാണ്. പക്ഷേ ഒന്നുണ്ട്. 50 % ന് മുകളിൽ കവറേജ് വരുന്ന ചെറിയ പ്ലോട്ടുകളിലെ കെട്ടിടങ്ങൾക്ക് ഇത് പ്രായോഗികമല്ല. കാരണം ഇത്തരം ചെറിയ പ്ലോട്ടുകൾ അത്തരത്തിൽ മുറിച്ചുനൽകിയാൽ ആർക്കും ഒരു പ്രയോജനവും ഉണ്ടാകില്ല.

2) നഗരപ്രദേശങ്ങളിലെ കെട്ടിടങ്ങൾ ചെറിയ പ്ലോട്ടുകളിൽ നാലിൽ ഒന്ന് വരുന്ന ഖണ്ഡത്തിൽ മാത്രം നിൽക്കാൻ സാധ്യതയില്ല. അവ നിർമ്മിക്കുമ്പോഴും പ്രസ്തുത നിയമങ്ങൾ ബാധകമാണ്. ഗൃഹത്തിന് പകരം ഗൃഹനാഭി (centre point of building) മേൽപ്പറഞ്ഞ NE ഖണ്ഡത്തിലോ SW ഖണ്ഡത്തിലോ വന്നാൽ മതി. ഇങ്ങനെ കെട്ടിടം വച്ചാൽ എന്താണ് ഗുണം?

ഇക്കാലത്തെ ചില വില്ല പ്രോജക്ടുകൾ ലേഖകൻ കാണാനിടയായി. അവിടെയെല്ലാം ഒരേ നിരയിൽ ഒരേ രീതിയിൽ ഇരുവശത്തും കെട്ടിടങ്ങൾ അങ്ങനെ നിരന്നു നിൽക്കുകയാണ്. കാറ്റും വെളിച്ചവും ഒക്കെ അവിടെ ചോദ്യചിഹ്നങ്ങളായി അവശേഷിക്കുന്നു. മാർക്കറ്റിംഗ് സ്റ്റാഫുകളുടെ വാചാലതയിൽ ആകൃഷ്ടരായി നിങ്ങൾ അത് വാങ്ങുകയാന്നെങ്കിൽ കാറ്റും വെളിച്ചവും ഉണ്ടാവില്ല എന്നതു പോലെ മറ്റൊരു പ്രധാന പ്രശ്നം കൂടി നിങ്ങളെ എതിരേൽക്കാൻ ഉണ്ടാവും. സ്വകാര്യത  ഇല്ലായ്മ (lack of privacy).


ഇതിനൊക്കെ പരിഹാരമാണ് ഇടതിരിഞ്ഞുളള (staggered) നിർമ്മാണ സംവിധാനം. ഒരേ നിരയിൽ നിൽക്കുന്ന കെട്ടിടങ്ങൾ ഒരു ദിശയിലുള്ള കാറ്റിനെ തടസ്സപ്പെടുത്തുമ്പോൾ ഇടതിരിഞ്ഞു നിർമ്മാണം നടത്തിയാൽ അത് കാറ്റ് എല്ലാ കെട്ടിടങ്ങൾക്കും ഇടയിലൂടെ കടന്നുപോകാൻ സഹായ മേകുന്നു. സ്വകാര്യതയുടെ പ്രശ്നങ്ങൾ അതിലും പ്രധാനമാണ്. ഇടതിരിഞ്ഞ് കെട്ടിടം പണി നടത്തിയാൽ ഈ പ്രശ്നം ഒരു പരിധി വരെ ഒഴിവാക്കാം. മുകളിൽ കാണിച്ചിചിരിക്കുന്ന ചിത്രം  നോക്കുക.  ആരോഗ്യകരമായ ഇത്തരം നിർമ്മാണ പ്രവർത്തികൾ മനസിലാക്കാനായി  വാസ്തുശാസ്ത്രം അതിന്റെ വാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്നു.

Sunday, April 10, 2016

എന്താണ് ഭാഗ്യം? നിങ്ങളുടെ ഭാഗ്യം അളക്കാൻ പറ്റും

എന്താണ് ഭാഗ്യം?



എന്താണ് ഭാഗ്യം? ഈയൊരു ചോദ്യം ഒരിക്കലെങ്കിലും സ്വയം ചോദിച്ചിട്ടില്ലാത്തവർ വിരലിൽ എണ്ണാവുന്നവർ മാത്രമാകും. അതേപ്പറ്റി ആലോചിച്ച് തല പുണ്ണാക്കുന്നവരും കുറവല്ല. ഞാനും ഇതിനെപ്പറ്റി കുറെ ഏറെ ചിന്തിച്ചിട്ടുണ്ട്. പല ഗുരുക്കൻമാരോടും സംശയം ചോദിച്ചിട്ടുണ്ട്. തൃപ്തികരമായ ഒരു ഉത്തരവും ലഭിച്ചില്ല. 2008-ൽ മദ്ധ്യപ്രദേശിലെ ഇൻഡോർ എന്ന സ്ഥലത്തു വച്ചു നടന്ന ഒരു സെമിനാറിൽ വച്ച് 'ഗയ് ലി അഥർട്ടൻ ' എന്ന ഒരു ഓസ്ട്രേലിയൻ ഫുംഗ് ഷ്യേ മാസ്റ്ററെ കണ്ടപ്പോൾ എന്റെ സംശയം അവതരിപ്പിച്ചു.  ആ ശ്രേഷ്ഠ വനിതയാണ് ഈ സംശയം ഏറെക്കുറെ നിവർത്തിച്ചു തന്നത്.  അദ്ഭുതമെന്ന് പറയട്ടെ, അവരുടെ ദാർശനിക ചിന്തകൾ എല്ലാം തന്നെ ഭാരതീയ ചിന്താധാര അനുസരിച്ചുളളതായിരുന്നു എന്നത് എന്നെ ഏറെ അമ്പരപ്പിച്ചു. (ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പിന്നീട് എപ്പോഴെങ്കിലും എഴുതാം.)


Mrs. Gayle Atherton


ഒരു ശാസ്ത്രത്തിനും നിർവ്വചിക്കാൻ പറ്റാത്ത ഒരു പ്രതിഭാസം ആണ് ഭാഗ്യം എന്നത്. അതിനുപകരം വയ്ക്കാൻ വേറെ വാക്കുകൾ ഉണ്ടാകാം. പക്ഷേ ഒന്നും അതിനു പകരമാവില്ല. കഠിനാധ്വാനം, ഈശ്വരകൃപ, ദൈവാധീനം തുടങ്ങിയ വാക്കുകൾ ഇതിനു പകരം ഉപയോഗിക്കാമെങ്കിലും ആ വാക്കുകൾ ഒന്നും തന്നെ 'ഭാഗ്യം' എന്ന വാക്കിന് തുല്യം ആവില്ല. ആകുമോ?

ഭാഗ്യം പെട്ടെന്നു അനുകൂലമാകുന്നു.അതു പോലെ വളരെ പെട്ടെന്ന്     പ്രതികൂലവും ആകാം. ഇതിന്റെ കാരണങ്ങൾ തേടിയാൽ ഭൌതികതലത്തിലുള്ള അന്വേഷണങ്ങളോ പഠനങ്ങളോ കൊണ്ട് ഒന്നും കൊണ്ട് പ്രയോജനം ഉണ്ടാവുമെന്ന് തോന്നുന്നില്ല. അതിനാൽ അല്പം ആത്മീയ തലത്തിലെ ചിന്തകൾ ഉപയോഗപ്പെടുത്തുന്നു. ഭൌതികവാദികൾ എന്നോട് ക്ഷമിക്കുക.

എന്താണ് ഭാഗ്യം? ഒരു വ്യക്തിയുടെ കഴിവുകൾക്ക് ഏറ്റവും അനുയോജ്യമോ അതിലും നല്ലതോ സങ്കല്പിക്കാൻ കഴിയാത്തതോ ആയ അവസരങ്ങൾ വേണ്ടത്ര അംഗീകാരത്തോട് കിട്ടുമ്പോൾ നമ്മൾ അയാളെ ഭാഗ്യവാൻ എന്നു പറയുന്നു.  ഭാഗ്യക്കുറിയിൽ കാണും പോലെ  'അത്' വളരെ പെട്ടെന്ന് അപാരമായ സമ്പത്ത് കൊണ്ടു തരുന്നു. നാം സ്വപ്നത്തിൽ മാത്രം നടക്കും എന്നു വിചാരിക്കുന്ന പലതും, സ്വപ്നം കാണുന്ന പല കാര്യങ്ങളും ഈ ഭാഗ്യദേവതയുടെ കടാക്ഷത്താൽ കണ്ണടച്ചു തുറക്കുമ്പോൾ യഥാർത്ഥ്യമാകുന്നു.  ഭാഗ്യദേവതയുടെ ഇത്തരം വിക്രിയകൾ നാം നമ്മിലോ മറ്റുള്ളവരുടെ ജീവിതത്തിലോ കാണുന്നതും ആണല്ലാ. ഇതൊക്കെയാണ് ഭാഗ്യത്തിനെ പറ്റി പറയാനുള്ളത്.

ഭാഗ്യം ഒരു പ്രഹേളിക ആണെങ്കിലും അതിനെ ഒന്നു അപഗ്രഥിച്ചു മനസിലാക്കാൻ നോക്കാം. ശ്രീമതി ഗയ് ലി അഥർട്ടന്റെ ചിന്താധാര ഞാൻ കടമെടുക്കുന്നു.


ഭാഗ്യം മൂന്ന് തരം. അതായത് മൂന്ന് ഘടകങ്ങളുടെ ആകെത്തുകയാണ് നമ്മുടെ ഓരോരുത്തരുടേയും ഭാഗ്യം. അതെ. അങ്ങനെ  നിങ്ങളുടെ ഭാഗ്യം അളക്കാൻ പറ്റും.

1) സ്വർഗ്ഗ ഭാഗ്യം (Heaven luck)
2) മനുഷ്യ ഭാഗ്യം (Man luck)
3) ഭൂമി ഭാഗ്യം (Earth luck)


1) സ്വർഗ്ഗഭാഗ്യം 

പേര് സൂചിപ്പിക്കുന്നത് പോലെ ഇത് നാം ജനിക്കുമ്പോൾ തന്നെ നമുക്ക് ലഭിക്കുന്ന ഒരു ഭാഗ്യമാണ്. മുജ്ജന്മത്തിലെ കർമ്മഫലങ്ങൾ ആണ് ഈ ഭാഗ്യത്തിന്റെ 'ആക്കം' തീരുമാനിക്കുന്നത്. മുൻ ജന്മത്തിലെ കണക്കു പുസ്തകത്തിലെ നീക്കിയിരുപ്പ് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും ഈ ജന്മത്തിലേക്ക് ഇതിലുടെ കൈമാറ്റം ചെയ്യപ്പെട്ടിരിക്കും. ദൈവ ഭാഗ്യം, ദൈവ കടാക്ഷം, തലയിലെഴുത്ത്, ദശാസന്ധി തുടങ്ങിയ പല പേരുകളിലും ഇത് അറിയപ്പെടുന്നു. പൂജകളിലൂടെയും നിരന്തരമായ ദൈവ ഭജനയിലൂടെയും ഇത് ഒരു പരിധി വരെ മാറ്റാൻ സാധിക്കും. കൂടാതെ നമ്മുടെ വളരെ അടുത്ത ബന്ധുജനങ്ങളുടെ ദൈവ ഭാഗ്യവും നമ്മുടെ ഭാഗ്യവുമായി ഇഴചേർന്ന  നമ്മെ സ്വാധീനിക്കാറുണ്ട്.  ഇതിൽ കൂടുതൽ ഇനി മനസ്സിലാക്കണമെന്കിൽ  ജ്യോതിഷം കുറച്ചു പഠിക്കേണ്ടി വരും. ഈ ഭാഗ്യം നമ്മുടെ ജീവിതകാലഘട്ടത്തിൽ ഏറിയും കുറഞ്ഞും അനുഭവപ്പെടും. നമ്മുടെ 'സമയം' പോലെ.

മൊത്തം ഭാഗ്യത്തിന്റെ സൂചികയിൽ 35% മുതൽ 45% വരെയുള്ള പ്രധാനപ്പെട്ട ഒരു ഭാഗ്യമാണ് ഈ സ്വർഗ്ഗഭാഗ്യം. ഇത് അനുകൂലമാകുന്നവർ ജന്മനാ ഭാഗ്യശാലികൾ ആയിരിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

2) മനുഷ്യഭാഗ്യം

രണ്ടാമത്തെ പ്രധാന ഭാഗ്യം മനുഷ്യ ഭാഗ്യം ആണ്. 25 % മുതൽ 35% വരെ നമ്മെ സ്വാധീനിക്കുന്നതും എന്നാൽ പൂർണ്ണമായും നമ്മുടെ നിയന്ത്രണത്തിൽ ഉള്ളതുമായ ഒരു ഭാഗ്യമാണിത്. സ്വന്തം കഠിനാധ്വാനത്തിലുടെ ഇത് പൂർണ്ണമായും സ്വായത്തമാക്കാൻ നമുക്ക് സാധിക്കും. ഈയൊരു തരം ഭാഗ്യം മാത്രമേ പൂർണ്ണമായും സ്വന്തം നിയന്ത്രണത്തിൽ ഉള്ളൂ. കഠിനാധ്വാനത്തിലൂടെ ഇത് പൂർണമായും പ്രയോജനപ്പെട്ടുത്താം.  കഠിനാധ്വാനം ഈശ്വരസേവയാണ്. അതിനാൽ ഈ ഭാഗ്യവും നമ്മുടെ ഈ ലോകത്തിലെ അല്ലെങ്കിൽ ഈ ജന്മത്തിലെ കർമ്മഫലവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏത് പ്രവൃത്തി മേഖലയിൽ ആണ് നിങ്ങൾ എത്തപ്പെട്ടതെങ്കിലും സാരമില്ല, ആ ജോലി ആത്മാർത്ഥമായി ജോലി ചെയ്യുക.  ഇറച്ചിവെട്ട് ആണ് തൊഴിലെങ്കിൽ ആ തൊഴിൽ ആത്മാർത്ഥമായും കളങ്കരഹിതമായും ചെയ്യുക. മായം ചേർക്കലോ കസ്റ്റമേഴ്സിനോട് അപമര്യാദയായി പെരുമാരുന്നതോ നല്ല കർമ്മ ലക്ഷണങ്ങൾ അല്ലെന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

ഇത്തരത്തിൽ തൊഴിൽ നന്നായി ചെയ്യുകയും ജീവിത ഉന്നമനത്തിനായി കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന എല്ലാവരിലും കുറഞ്ഞപക്ഷം ഭാഗ്യത്തിന്റെ 30% കടാക്ഷം ഉറപ്പാക്കാം.  

3) ഭൂമി ഭാഗ്യം

പേര് സൂചിപ്പിക്കും പോലെ ഈ ഭാഗ്യം ഭൂമിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭൂമി എന്നാൽ നമ്മുടെ ചുറ്റുപാട്. ചുറ്റുപാട് എന്നാൽ വീടും പരിസ്സരവും, ജോലി ചെയ്യുന്ന സ്ഥലവും പരിസ്സരവും. ഇവ എങ്ങനെ നമ്മുടെ ഭാഗ്യത്തെ സ്വാധീനിക്കുന്നു എന്നല്ലേ? ഇവ നമ്മുടെ ജീവിതത്തേയും ഭാഗ്യത്തേയും മാത്രമല്ല ജീവിത ലക്ഷ്യത്തെ വരെ സ്വാധീനിക്കുന്നു. ഇത്തരം സ്വാധീനം പരമാവധി ഗുണകരമാക്കാനുള്ള ശ്രമങ്ങൺ നാം നമ്മുടെ വീട്ടിലും പറമ്പിലും ചെയ്യേണ്ടിയിരിക്കുന്നു. 

നമുക്ക് ചുറ്റും നല്ല ഊർജവും ചീത്ത ഊർജ്ജവും ധാരാളമായുണ്ട്. പ്രകൃതി  ശക്തികളുടെതായ നല്ല ഊർജ്ജം പരമാവധി വീട്ടിനുള്ളിലും  പുറത്തും കിട്ടത്തക്കവിധം വീട് ഡിസൈൻ ചെയ്യുക,  വീട് അത്തരത്തിൽ നിർമ്മിക്കുക, അതിന്റെ ഇന്റീരിയർ ഡക്കറേഷൻ നിർവ്വഹിക്കുക തുടങ്ങി പ്രധാനപ്പെട്ട കാര്യങ്ങൾ ഭൂമി ഭാഗ്യവുമായി ബന്ധപ്പെട്ട് കിടക്കുന്നു.

വാസ്തു ശാസ്ത്രവും ഫുംഷ്യേയുമൊക്കെ ഈ ഭാഗ്യത്തെ ഉത്തേജിപ്പിക്കുക ആണ് ചെയ്യുന്നത്. വാസ്തു മോശമായാൽ അവിടെ താമസിക്കുന്നവർക്ക് ഭാഗ്യം അല്ലെങ്കിൽ ഐശ്വര്യം ഉണ്ടാകില്ല എന്ന് പണ്ടുള്ളവർ പറഞ്ഞിരുന്നു. അതായത് വീട്ടിലും ചുറ്റുപാടിലും നിന്ന് അവർക്ക് കിട്ടേണ്ടുന്ന ഭാഗ്യവും ഐശ്വര്യവും നഷ്ടമാകും എന്ന് അറിഞ്ഞിട്ട് തന്നെയാണ് ഇങ്ങനെ പറഞ്ഞിരുന്നത്. ഈ പ്രപഞ്ചം നിറയെ പോസിറ്റീവ് എനർജി ഉണ്ട്. അത് വേണ്ടുംവിധം നാം ഉപയോഗപ്പെടുത്തി കൊള്ളന്നം. 

മനുഷ്യന്റെ മനസ്സിന്റെ വിവിധ ചിന്താഗതികളെയും മനോഭാവങ്ങളെയും സ്വാധീനിക്കാൻ നാം താമസിക്കുന്ന മുറിക്കും ആ മുറി ഉൾപ്പെടുന്ന വീടിനും അതിന്റെ ചുറ്റുപാടുകൾക്കും കഴിയും എന്നതാണ് മേൽപ്പറഞ്ഞതിന്റെ ഒക്കെ രത്ന ചുരുക്കം. അതിനാൽ ചുറ്റുപാട് നന്നായാൽ നമ്മുടെ മനസ്സിൽ ഊർജ്ജവും ഉൻമേഷവും തനിയെ ഉണ്ടാകുന്നു. അങ്ങനെ നാം ചെയ്യുന്ന പ്രവൃത്തികൾക്ക് സാഫല്യം ഉണ്ടാകും. മനസ്സിന് ഊർജസ്വലതയും വളരെ ആരോഗ്യകരമായ മനോഭാവവും ഉണ്ടായാൽ ആർക്കും ജീവിത വിജയം നേടാം. മനുഷൃഭാഗൃം പോലെ തന്നെ ഭൂമി ഭാഗ്യവും ഏകദേശം 25% മുതൽ 35% വരെയാണ്. 

വാസ്തു ശാസ്‌ത്രം, ഫുംഗ് ഷ്യേ തുടങ്ങിയവ പ്രാക്ടീസ് ചെയ്താണ് ഭൂമി ഭാഗ്യം   ഉത്തേജിപ്പിക്കുന്നത്. ഇവ 100 % പ്രാവർത്തികമാക്കിയാൽ തന്നെ - അകെ ലഭിക്കുവാൻ ഇടയുള്ളത് 30% വരുന്ന ഭൂമിഭാഗ്യം മാത്രം. ഈ വസ്തുത മനസ്സിലാക്കിയാൽ, വാസ്തു പ്രാക്ടീസ് ചെയ്തു ജീവിതത്തിൽ എല്ലാം ഇരുട്ടി വെളുക്കുമ്പോൾ അനുകൂലമായി വരും എന്ന രീതിയിൽ കള്ള പ്രചാരണം നടത്തുന്നവരെ സൂക്ഷിക്കണം.

വളരെ കഷ്ടപ്പെടുന്നവരുടെ ഭൂമി ഭാഗ്യത്തിന് പുറമേ സ്വർഗ്ഗഭാഗ്യം കൂടി മോശമായിരിക്കും. അതിനാൽ മനുഷ്യഭാഗ്യം കൂട്ടിയാലേ പിടിച്ചു നിൽക്കാൻ സാധിക്കൂ. അതായത് അവർ അങ്ങേയറ്റം ഹാർഡ് വർക്ക് ചെയ്യാൻ മനസ്സ് ഉള്ളവർ ആയിരിക്കണം  സമയം മാറുമ്പോൾ ഇവരുടെ സ്വർഗ്ഗഭാഗ്യം മെച്ചപ്പെടും. അപ്പോൾ ജീവിതവും വളരെ മെച്ചപ്പെടും.

സ്വർഗ്ഗഭാഗ്യത്തിന്റെ അളവ് നമ്മുടെ സമയം പോലെ മാറിക്കൊണ്ടിരിക്കുന്നു. അതിന്റെ കുറവ് മറ്റ് രണ്ട് ഭാഗ്യങ്ങളിലൂടെ പരിഹരിച്ചില്ലെങ്കിൽ ജീവിതം വഴിമുട്ടുമെന്ന് സാരം. ഉദാഹരണത്തിന് ഒരാളുടെ സ്വർഗ്ഗഭാഗ്യം 10% മാത്രമേ ഉളളൂ എന്ന് കരുതുക. അയാൾ  സ്വന്തം നിലയിൽ കഠിന പ്രയത്നം നടത്തുന്ന ആൾ ആയതിനാൽ മനുഷ്യ ഭാഗ്യവും 30% ഉണ്ടെന്ന് കരുതാം. വാസ്തു വിപരീതമെങ്കിൽ ആകെ ഉള്ള ഭാഗ്യം 10+30=40% മാത്രമാണ്. ജീവിതവിജയത്തിന് ഇത് പോരാതെ വരുന്നു. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഭൂമി ഭാഗ്യം അധികരിപ്പിച്ച് - അതായത് വേണ്ട വാസ്തു കറക്ഷൻസ് നടത്തി - ജിവിത വിജയം ഉറപ്പുവരുത്താം. നമ്മുടെ മോശസമയത്ത് ഭൂമി ഭാഗ്യത്തിന്റെ പ്രസക്തി വളരെ വലുതാണ് എന്ന് സാരം.

വളരെ ഒന്നും കഠിനാദ്ധ്വാനം ചെയ്യാതെ സുഖലോലുപരായി ജീവിക്കുന്ന പലരേയും നിങ്ങൾ കണ്ടിട്ടില്ലേ? അത്തരക്കാരുടെ സ്വർഗ്ഗഭാഗ്യം വളരെ നല്ലതായിരിക്കും. അവർ അറിഞ്ഞോ അറിയാതെയോ അവരുടെ ഭൂമി ഭാഗ്യവും നന്നായിരിക്കും. നോക്കൂ ആകെ ഭാഗ്യം എത്രയുണ്ട് എന്ന്. 40+30 =70% ഇത് ധാരാളം മതി ജീവിതവിജയത്തിന്.

ഇനി ചില പ്രശസ്തരുടെ കാര്യം കൂടി നോക്കാം. അവർ പ്രശസ്തരാകുന്നത് അങ്ങേയറ്റത്തെ കഠിന പ്രയത്നംകൊണ്ടു കൂടിയാണ്. അവരുടെ ഭൂമി ഭാഗ്യവും സ്വർഗ്ഗഭാഗ്യവും പരമാവധി ഉണ്ടാകും. കൂടാതെ കഠിന പ്രയത്നത്തിലൂടെയുള്ള മനുഷ്യ ഭാഗ്യവും. അവരുടെ ആകെ ഭാഗ്യം എത്ര എന്ന് നോക്കാം. 40 + 30 + 30 = 100%.  

അത്തരത്തിലുള്ളവർ തൊടുന്നതെല്ലാം പൊന്നായി മാറും.

ഭാഗ്യത്തെപ്പറ്റി ഇത്രയൊക്കെ അറിഞ്ഞത് പോരേ? നിങ്ങളുടെ ഭാഗ്യവും ഒന്ന് അളന്ന് നോക്കൂ.

എന്തെങ്കിലും അഭിപ്രായമോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ അത് അറിയിക്കാൻ മടിക്കരുത്. ഇമെയിൽ വിലാസം 

lal@keralaengineer.com

( DC Books അടുത്തിടെ പുറത്തിറക്കിയ "ഫുംഗ്ഷ്വേ നിത്യജീവിതത്തിൽ" എന്ന ഗ്രന്ഥത്തിൽ നിന്ന്)
10-4-2014



Sunday, April 3, 2016

വാസ്തു സത്യമോ മിഥ്യയോ? (Part 2)

വാസ്തു സത്യമോ മിഥ്യയോ?
ഭാഗം 2 

ആദ്യ ലേഖനത്തിൽ വാസ്തു ശാസ്ത്രത്തിനു് പൊതുജനങ്ങളുടെ ഇടയിൽ ഉള്ള ധാരണയെപ്പറ്റിയും വിശ്വാസത്തെപ്പറ്റിയും. പ്രതിപാദിക്കുകയുണ്ടായി, കൂടാതെ വാസ്തു ശാസ്ത്രത്തിന്റെ യഥാർത്ഥ ഉദ്ദേശ ശുദ്ധി അതിന്റെ പൂർണ്ണ അർത്ഥത്തിൽ എങ്ങനെ മനുഷ്യർക്ക് കൂടുതൽ ഉപയോഗ കരമായി മാറ്റിത്തീർക്കാം എന്നും ചർച്ച ചെയ്തു. പ്രധാനപ്പെട്ട വാസ്തു തത്വങ്ങളുടെ ശാസ്ത്രീയ വശം എന്തെന്ന് പരിശോധിച്ചു വരവേ രണ്ട് പ്രധാന തത്വങ്ങൾ പരിഗണിക്കപ്പെടുകയുണ്ടായി.
മൂന്നാമത്തെ പ്രധാനപ്പെട്ട ഒരു തത്വം ഇപ്രാവശ്യം പരിചയപ്പെടാം.
തുടർന്നു വായിക്കു..
3) കിഴക്കോട്ടും വടക്കോട്ടും ചരിഞ്ഞ ഭൂമി നല്ലതാണ് എന്നൊരു വാസ്തു തത്വം ഉണ്ട്.
നമുക്കറിയാം സൂര്യന്റെ ചൂടും പ്രകാശവും നമ്മുടെ ജീവസന്ധാരന്നത്തിന് അവശ്യ ഘടകങ്ങൾ ആണെന്ന് . സൂര്യപ്രകാശമില്ലാതെ ഭൂമിയിൽ ജീവൻ നിലനിൽക്കില്ല, പക്ഷേ ഈ പ്രകാശത്തിന്റെ തീവ്രതയും ചൂടിന്റെ ആധിക്യവും ഏറെ നേരം താങ്ങുവാൻ നമുക്ക് സാധിക്കില്ല. അപ്പോൾ ചൂടിൽ നിന്നും രക്ഷ നേടേണ്ടത് അവശ്യം വേണ്ട ഒരു കാര്യം ആണ്.
പൊതുവായി നോക്കിയാൽ വീട് നിർമ്മിക്കുന്നത് എന്തിനാണ്? മഴ, മഞ്ഞ്, ചുട്, കാറ്റ് തുടങ്ങിയ പ്രകൃതി ശക്തികളിൽ നിന്നും സംരക്ഷണം ലഭിക്കാൻ വേണ്ടി അല്ലേ? (ഒപ്പം മറ്റു ഹിംസ്ര ജീവികളിൽ നിന്നും രക്ഷ നേടാനും). അപ്പോൾ വീട് വയ്ക്കാൻ ഉള്ള പ്ലോട്ട് തെരഞ്ഞെടുക്കുമ്പോഴും ഈ ശ്രദ്ധ വേണം. അമിതമായി ചൂട് ഏൽക്കരുത്. ഏറ്റ ചൂട് അവിടെ കെട്ടി നിൽക്കരുത്. മഴവെള്ളവും കെട്ടി നിൽക്കാതെ ഒഴുകി പോകണം.
ഈ സംഗതികളുടെ ശാസ്ത്രം എന്തെന്ന് നോക്കാം.
ഭൂമി അതിന്റെ അച്ചുതണ്ടിൽ 23 degree ചരിഞ്ഞാണ് സ്വയം ചുറ്റിക്കൊണ്ടിരിക്കുന്നത്. ഈ കാരണത്താലും ദീർഘവൃത്താകൃതിയിൽ സൂര്യനെ ചുറ്റുന്നതിനാലുമാണ് നമുക്ക് ഋതുക്കൾ -വേനലും വർഷവും - ഉണ്ടാകുന്നത്. അച്ചുതണ്ടിന്റെ ചരിവ്മൂലം സൂര്യരശ്മി തെക്ക് വശത്തായി കാണപ്പെടും. രാവിലെ തെക്ക്കിഴക്കും ഉച്ചയ്ക്ക് തെക്ക്പടിഞ്ഞാറും സൂര്യനെ കാണപ്പെടുന്നു, (നാം വിചാരിക്കുന്നത് പോലെ സൂര്യൻ കിഴക്ക് നിന്നും പടിഞ്ഞാറ് ദിശയിൽ തലയ്ക്കു നേരെ മുകളിൽ കൂടിയല്ല കടന്നു പോകുന്നത്. സംശയം ഉണ്ടെങ്കിൽ സൂര്യനെ ഒന്നു നിരീക്ഷിച്ചു നോക്കൂ ). 



വടക്കോട്ട് ചരിവുള്ള പ്രതലത്തിൽ തെക്കു ഭാഗത്ത് ഉള്ള രശ്മികൾ എല്ലാപ്പോഴും ചരിഞ്ഞ് ആണ് വീഴുന്നത്. ഇങ്ങനെ ചരിഞ്ഞു വീഴുന്ന രശ്മികൾക്ക് തീവ്രത നന്നേ കുറവായിരിക്കും. (അതിനാൽ ആണല്ലോ സാധാരണയായി രാവിലേയും വൈകനേരവും നമുക്ക് ചുട് കറവായി അനുഭവപ്പെടുന്നത് ). നേരെ മറിച്ച്, തെക്ക് വശം ചരിഞ്ഞ ഭൂമിയിൽ ഏറെക്കുറെ ലംബ ദിശയിൽ ആയിരിക്കും രശ്മികൾ പതിക്കുന്നത്. ഇതിനാൽ ഭൂമി കൂടുതൽ പെട്ടെന്ന് ചൂട് ആകുന്നു.






അതേപോലെ നല്ല ചൂട് ഉള്ള സമയത്ത് പോലും ആ ചൂടിൽ നിന്നും ആശ്വാസം ലഭിക്കാൻ വടക്കോട്ട് ചരിവുള്ള ഭൂമിയിൽ സാധ്യമാകും. എങ്കിലും നിങ്ങളുടെ സ്വബുദ്ധിയിൽ അത് ഒന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. അതിനായി വിവിധ ദിശകളിൽ ചരിഞ്ഞ ഭൂമിയിൽ വെറുതെ കുറച്ചു സമയം ചെലവഴിക്കുക. നല്ല ചൂടുള്ള സമയം ആണെങ്കിൽ ഓരോ ഭൂമിയിലും ഉള്ള comfort level-ന്റെ വ്യത്യാസം ശരിക്കും മനസ്സിലാക്കാൻ സാധിക്കും. ഇത് വളരെ ലളിതമായി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്ന ഒരു ചെറു നിരീക്ഷണം/പരീക്ഷണം ആണ്.



ഒരു വാസ്തു പുരുഷമണ്ഡലം പരിഗണിച്ചാൽ Cosmic energy വളരെ കൂടുതൽ ലഭ്യമാകുന്ന വടക്ക് വശത്ത് ജീവൽ ദാതാക്കളായ ദേവൻമാർ കുടി കൊള്ളുന്നു എന്ന് ശാസ്ത്രം പറയുന്നു. വാസ്തുമണ്ഡലത്തിന്റെ കിഴക്ക് വശത്ത് പ്രകാശത്തിന്റെ ദേവതകൾ ആണ് അധിവസിക്കുന്നത്. അങ്ങനെ പ്രഭാതത്തിൽ ബാല സൂര്യന്റെ അരുണിമയും നമുക്ക് വേണ്ടതിൽ ഏറെ positive energy തരുന്നു. അത്തരത്തിൽ ലഭ്യമാകുന്ന +ve energy കുറേശ്ശേ തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്നു എന്ന് ശാസ്ത്രം. തെക്ക് പടിഞ്ഞാറ് ഉയർന്നിരുന്നാൽ ഇത്തരം അധികമായ ഊർജ്ജം വീട്ടിൽ നിറയും. കൂടാതെ തെക്ക് പടിഞ്ഞാറ് നിന്ന് ഊർജ്ജം സ്വീകരിക്കേണ്ട ആവശ്യവും ഇല്ല. വടക്ക് കിഴക്ക് കൂടി ലഭിക്കുന്ന ഊർജ്ജം തെക്ക് പടിഞ്ഞാറ് കൂടി അമിതമായി പാഴാക്കി കളയാനും പാടില്ല. അധികം വലിയ ജനൽ, വാതിൽ തുടങ്ങിയവയിൽ കൂടി ഊർജ്ജ നഷ്ടം സംഭവിക്കുന്നു എന്ന് മാത്രമല്ല അവിടെ നിന്നും അത്ര നല്ലതല്ലാത്ത ഊർജ്ജം കടന്നു വരാനും ഇടയുണ്ട്.
ആളുകളെ വിശ്വസിപ്പിക്കാനായി കുറച്ച് 'നമ്പറുകൾ ' ഒക്കെ വാസ്തു ശാസ്ത്രത്തിന്റെ മൂല ഗ്രന്ഥങ്ങളിൽ കാണാൻ കഴിയും. ഉദാഹരണത്തിന് പടിഞ്ഞാറ് ഭാഗം ഉയർന്നും കിഴക്കു ഭാഗം താഴ്ന്നും ഉള്ള വസ്തുവിന് 'ഗോവീഥി' എന്നും അതിന്റെ ഫലം അഭിവൃദ്ധിയും ആണ് എന്ന് മനുഷ്യാലയ ചന്ദ്രികയിൽ പറഞ്ഞിരിക്കുന്നു.(ശ്ലോകം 19).
തെക്ക് കിഴക്ക് താണു കിടക്കുന്നത് അഗ്നി വീഥി: ഫലം - ധനനാശം
തെക്കുഭാഗം താന്നു കിടക്കുന്നത് യമ വീഥി: ഫലം - ജീവഹാനി
തെക്ക് പടിഞ്ഞാറ് താന്ന് കിടക്കുക ആണെങ്കിൽ ഭൂതവീഥി: ഫലം - സ്ഥലനാശം
പടിഞ്ഞാറ് ഭാഗം താഴ്ന്നു കിടക്കുകയാണെങ്കിൽ ജലവീഥി: ഫലം - ദാരിദ്ര്യം
വടക്ക് പടിഞ്ഞാറ് താഴ്ന്നു കിടക്കുക ആണെങ്കിൽ അത് നാഗവീഥി: ഫലം - പുത്രനഷ്ടം
വടക്കോട്ട് ചരിഞ്ഞതാണെങ്കിൽ ഗജവീഥി: ഫലം - സമ്പൽസമൃദ്ധി
വടക്ക് കിഴക്ക് താഴ്ന്ന് കിടക്കുക ആണെങ്കിൽ അത് ധാന്യ വീഥി: ഫലം - ഉന്നതി .
ഇതൊന്നും അപ്പടി വിശ്വസിക്കേണ്ട കാര്യമില്ല. എങ്കിലും, ഇതിൽ നിന്നും നമുക്ക് മനസിലാക്കാൻ സാധിക്കും, വടക്കും വടക്ക്കിഴക്കും കിഴക്കും ഉള്ള ചരിവുകൾ മാത്രമേ വാസ്തു ശാസ്ത്രം പ്രോൽസാഹിപ്പിക്കുന്നുള്ളൂ എന്ന്. മറ്റു ദിശ കളിലേയ്ക്ക് ചരിവുള്ള പ്ലോട്ടുകളിൽ വീട് പണിയാൻ നിർബന്ധിതരാകുന്നവർ ചൂടിനെ പ്രതിരോധിക്കാൻ വേണ്ട അധിക മുൻകരുതലുകൾ എടുക്കണം.
തുടരും
( സുരേഷ് ലാൽ / 02-04-2016)

വാസ്തു സത്യമോ മിഥ്യയോ ? (Part 1)

വാസ്തു സത്യമോ മിഥ്യയോ ? (Part 1) 

വാസ്തു ശാസ്ത്രത്തിന്റെ യഥാർത്ഥ മുഖം എന്താണെന്ന് അറിയാൻ താൽപ്പര്യം ഉള്ളവർ ആണ് നമ്മളിൽ പലരും. അതിന്റെ പൊരുൾ തേടി പലരും കുറച്ചൊക്കെ യാത്ര ചെയ്തിട്ടും ഉണ്ടാകും. വായനയിലൂടെയും മറ്റുള്ളവരും ആയി സംവദിച്ചും അറിവ് നേടാനും വാസ്തുശാസ്ത്രത്തെ അപഗ്രഥിക്കാനും തുടക്കകാലത്ത് ഈ ലേഖകനും ധാരാളം ശ്രമിച്ചിട്ടുണ്ട്. അത്തരം ഒരു ശ്രമം നിങ്ങളും നടത്തിയിട്ടില്ലേ? 

വാസ്തു ശാസ്ത്രത്തെ പറ്റി ആദ്യം കേൾക്കുന്ന പലർക്കും അത് എന്താണ് എന്നറിയാൻ താൽപര്യം ഉണ്ടാകുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് അത് നമ്മുടെ വീടും പരിസരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു സംഗതി ആണ് എന്നറിയുമ്പോൾ. വീട് നിർമ്മാണത്തിലും അതിന്റെ ഇന്റീരിയർ ചെയ്യുമ്പോളുമൊക്കെ ഇതേപ്പറ്റി പലരും പറഞ്ഞു കേട്ട് നമ്മളിൽ പലരും കുറെയൊക്കെ ഇക്കാര്യത്തിൽ ഉത്ഖണ്ടാകുലരുമാണ് എന്ന് പലരുമായി സംവദിച്ചതിന്റേയും അവർക്ക് കൺസൾട്ടൻസി നടത്തിയതിന്റേയും അടിസ്ഥാനത്തിൽ ഈയുള്ളവന് പറയാൻ സാധിക്കും. പക്ഷേ അവശ്യം വേണ്ട ശാസ്ത്രീയമായ അറിവുകൾ ലഭിക്കാത്തതിനാൽ ഇക്കാര്യത്തിൽ പലരും 'കൺഫ്യൂസ്ഡ്' ആണ്. 100 % ശാസ്ത്രീയത അവകാശപ്പെടാൻ സാധിക്കാത്ത ഈ ഭൗതികാതീത ശാസ്ത്ര (Metaphysical Science) ത്തിന് അത് ഉപയോഗിക്കുന്ന ആളിന്റെ/ ആളുകളുടെ അനുഭവത്തിന്റെ വെളിച്ചത്തിലുള്ള സാക്ഷ്യപത്രമാണ് പ്രധാനമായുള്ള ആധികാരികത.
മനുഷ്യന്റെ അഞ്ച് സംവേദന അവയവങ്ങളായ ചെവി, കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക് (പഞ്ചേന്ദ്രിയങ്ങൾ) എന്നിവയിൽ കൂടിയല്ലാതെ നമുക്ക് ഈ പ്രപഞ്ചം, ഈ ചുറ്റുപാടുകൾ എന്നിവ മനസ്സിലാക്കാനോ അറിയാനോ കഴിയുകയില്ല. പട്ടിക്കും പശുവിനും കാക്കയ്ക്കും കാണാനും കേൾക്കാനും അറിയാനും കഴിയുന്ന പല കാര്യങ്ങളും ഈ കമ്പുട്ടർ സാങ്കേതിക വിദ്യാ കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് പറ്റുന്നില്ല. ഇതിനൊക്കെ എത്രയോ ഉദാഹരണങ്ങൾ നമുക്ക് ചുറ്റുമുണ്ട്. കിണറ്റിലെ തവളയെപ്പോലെ കാണുന്നവയും കേൾക്കുന്നവയും മാത്രമാണ് സത്യമെന്ന് വിശ്വസിച്ച് കഴിയുന്നവരാണ് മനുഷ്യർ. മാത്രവുമല്ല, അതിനപ്പുറം ഒന്നുമില്ല എന്ന രീതിയിൽ വീമ്പു പറയുന്നവരും കൂടിയാണ്.

നാം പറഞ്ഞു വന്ന വിഷയത്തിൽ നിന്നു വ്യതി ചലിച്ചുവോ,? ഇനി ചുരുക്കി പറയാം.മനുഷ്യന്റെ നേടിയ അറിവിന്റെ ആധികാരികത അറിഞ്ഞിലേ അതിനപ്പുറത്തുള്ള അറിവിന്റെ ആഴം അനുഭവപ്പെടുകയുള്ളൂ. അതിന്റെ ആഴവും പരപ്പും വ്യാപ്തിയും ഒക്കെ നാം ചിന്തിച്ച് ചിന്തിച്ച് ഉറപ്പിക്കേണ്ടതും അത് സ്വയം അനുഭവവേദ്യമാക്കേണ്ടതും ആകുന്നു. അതിനായി ഇത്രയും പറഞ്ഞു എന്നു മാത്രം.
ഭൗതികാതിതശാസ്ത്രം നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നില്ല. പകുതിയിലേറെ ചോദ്യങ്ങൾക്കും ഉത്തരം സ്വയം കണ്ടെത്തണം. അത്തരം ചോദ്യത്തിന്റെയും ഉത്തരത്തിന്റേയും പ്രത്യേകത എന്താന്നെന്നറിയാമോ? ചോദ്യം ഒന്നാണെങ്കിലും ഉത്തരം പലതാകാം. എല്ലാ ഉത്തരവും ശരിയും ആകുന്നു. അത് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെതായ ശരികൾ ആണല്ലോ. ആയതിനാൽ എല്ലാ ഉത്തരങ്ങളും ശരിയാകാതെ തരമില്ല.

ഇങ്ങനെയുള്ള കുറെ ശരികളുടെ ഒരു ക്രോഡീകരണമാണ് പൗരാണികശാസ്ത്രങ്ങളിൽ കാണപ്പെടുന്നത്. പണ്ടുണ്ടവർ, മഹർഷിമാർ ചിന്തിച്ചു ചിന്തിച്ചു കണ്ടെത്തിയ ഉത്തരങ്ങൾ അവർ തങ്ങളിൽ തങ്ങളിൽ അന്തരാത്മാവിലുടെ സംവദിച്ച് വരും തലമുറ കളുടെ നന്മയ്ക്കായി എഴുതി വച്ച ചിന്താസരണികൾ ഇന്നും കുപ്പയിലെ മാണിക്യത്തെപ്പോലെ ആരാലും വേണ്ടുന്ന പരിഗണന കിട്ടാതെ കിടക്കുകയാണെന്ന സത്യം ഇനിയും തിരിച്ചറിയാൻ നമ്മൾ വൈകുന്നുവോ? അറിയില്ല. ഉത്തരം കണ്ടെത്തേണ്ടത്‌ നമ്മുടെയൊക്കെ ഒരു സംയുക്ത പ്രയത്നത്തിലൂടെയാവണം. കുപ്പയിലെ മാണിക്യത്തെ പുറത്തെടുത്ത് കാലഘട്ടത്തിന് അനുസൃതമായി സംസ്കരിച്ച് ജനഹൃദയങ്ങളിൽ പ്രതിഷ്ഠിക്കേണ്ടത് ചിന്തിക്കുന്ന ഓരോരുത്തരുടേയും കടമയാണ്. അതിനായി, ചിന്തിക്കുന്നവർ, ചിന്തിക്കാൻ കഴിയാത്തവർക്കും അതിന് സമയം കിട്ടാത്തവർക്കും കൂടി അധിക പ്രയത്നം നടത്താൻ ബാധ്യസ്ഥരാണ്.

വാസ്തുശാസ്ത്രത്തിന്റെ ആധാരങ്ങൾ പുരാതന ഗ്രന്ഥങ്ങൾ ആണ്. മറ്റൊന്ന് വാസ്തു ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മിച്ചിട്ടുള്ള കെട്ടിടണ്ടളും. അവ വാസ്തുവിന്റെ പ്രാധാന്യം വിളിച്ചോതുന്ന ആധാരശിലകൾ ആണ്. അവ കാലത്തെയും പ്രകൃതി ശക്തികളെയും അതിജീവിച്ച് ജീവിക്കുന്ന തെളിവുകൾ ആയി നമ്മുട മുൻപിൽ തലയുയർത്തി നിൽക്കുന്നു. പ്രകൃതിക്കും പ്രകൃതി ശക്തിക്കും എതിർ നിൽക്കുന്ന ഒന്നും തന്നെ ഈ പ്രപഞ്ചത്തിൽ അധികകാലം നിലനിന്നുപോരുന്നില്ല. അതിനു വിഘാതമായി നിൽക്കാത്ത നിർമ്മിതികളെ അത് സ്വയം സംരക്ഷിച്ചു പോരുന്നുണ്ടാകാം! .

വാസ്തു ശാസ്ത്രം സത്യമോ മിഥ്യയോ? നമ്മുടെ വിഷയത്തിലേക്ക് തിരികെ വരാം. താഴെ പറയുന്ന കാര്യങ്ങൾ മനസ്സിരുത്തി ഒന്ന് വായിച്ച് അതിനെ അപഗ്രഥിച്ച് നിങ്ങൾ തന്നെ തീരുമാനിക്കുക.
1) പ്രപഞ്ചത്തിലെ ഊർജ്ജത്തിന് ഒരു ഒഴുക്ക് ഉണ്ട്. ഊർജ്ജം എങ്ങും കെട്ടി നിൽക്കുന്നില്ല. അതിന്റെ ഒഴുക്കിന്‌ തടസ്സമായി നിർമ്മിതികൾ പാടില്ല. കിഴക്ക് പ്രകാശോർജവും വടക്ക് ജൈവോർജ്ജവും ധാരാളമായി ഉണ്ട്. അവ വടക്കു കിഴക്കുനിന്ന് തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് ഒഴുകുന്നു. ഈ ഊർജ്ജം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ വാസ്തു ശാസ്ത്രം വഴികൾ കാട്ടിത്തരുന്നുണ്ട്. അത് നമ്മുടെ മനസ്സിനും ശരീരത്തിനം ആത്മാവിനും സൗഖ്യം നൽകുന്നു.
2) ഭൂമിയിയുടെ സ്വയംപ്രദക്ഷിണത്തിനും ചലനത്തിനും ഓരോ ദിശകൾ ഉണ്ട്. ആ ദിശയിൽ നിന്നും ഇത്ര കാലം ആയിട്ടും ഒരല്പം പോലും വ്യതിയാനം ഉണ്ടാകുന്നില്ല, ഉണ്ടായിട്ടില്ല. ആ ദിശകൾക്ക് അനുസ്യതമായി വീട് നിർമ്മിക്കാൻ വാസ്തു ശാസ്ത്രം ഉൽബോധിപ്പിക്കുന്നു. നാല് പ്രധാന ദിക്കുകളും നല്ലതത്രേ. വിദിക്കുകൾ ( കോൺ ദിശകൾ അതായത് വടക്ക് കിഴക്ക്, തെക്ക് കിഴക്ക്, തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ) ഒഴിവാക്കണം അത്രേ. വീടിന്റെ orientation അതിനെ പ്രപഞ്ചവും ആയി ബന്ധിപ്പിക്കുന്ന ഒരു പ്രധാന കണ്ണിയാണ്. ആ orientation, cardinal directions ആയ വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ് ആകണം. കോൺ ദിശകൾ ഒഴിവാക്കുക. ഓടുന്ന ബസിൽ മുമ്പാട്ടോ പിമ്പോട്ടോ നോക്കിയിരുന്നാൽ യാത്ര സുഖമാണ്, അല്ലേ? ഇങ്ങനെ ഇരിക്കാനാണ് കൂടുതൽ പേരും താത്പര്യം കാട്ടുന്നത്. ഒരു പക്ഷേ ചരിഞ്ഞിരുന്നാൽ നടുവേദനയും കാലു വേദനയും ഉണ്ടാകുമല്ലോ. ശരീരത്തിന്റെ ഘടനയും ഓടുന്ന വാഹനത്തിന്റെ ദിശയുമായുള്ള ബന്ധമാണ് ഈ ഉദാഹരണം. കാണിക്കുന്നത്. അതിനാൽ തന്നെ വീടുകളുടെ ദിശയ്ക്ക് വളരെ പ്രാധാന്യമുണ്ട്. അതുമായി ഒത്തു നോക്കി ചിന്തിച്ച് ഒരു തീരുമാനം എടുക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല.
sureshlal 27-3-2016
(തുടരും)