വാസ്തുശാസ്ത്രം കെട്ടിട നിർമ്മിതിയുടെ പരമ്പരാഗതവും പുരാതനവും ആയ ശാസ്ത്രമാണ്. അഥർവ്വവേദത്തിന്റെ ഉപവേദമായ സ്തപത്യവേദം ആണ് വാസ്തുശാസ്ത്രത്തിന് ആധാരം. ഈ ശാസ്ത്രം ഏകദേശം 5000 വർഷങ്ങൾക്ക് മുൻപ് രൂപപ്പെട്ടതാണത്രേ. വളരെ വ്യാപകമായ അർത്ഥത്തിൽ ഈ ഭൂമിയുടെ വ്യാപ്തിയോളം വിശാലമാണ് ഇതിലെ വാസ്തു പുരുഷ സങ്കല്പം. വാസ്തുശാസ്ത്രം താല്കാലികവും സ്ഥിരവുമായ എല്ലാ ഗണത്തിൽപ്പെടുന്നവരുടേയും വാസസ്ഥലങ്ങളെപ്പറ്റി പ്രതിപാദിക്കുന്നു. മനുഷ്യരുടെയോ മറ്റു ജീവജാലങ്ങളുടേയോ മാത്രമല്ല, ഭൂമിയിലെ മറ്റ് അദൃശ്യ ശക്തികൾക്കുള്ള വാസസ്ഥലങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന വിശാലവീക്ഷണം ഉള്ള ഒരു അതിഭൗതിക (metaphysical) ശാസ്ത്ര ശാഖയാണിത്. ചുരുക്കത്തിൽ സർവ്വ ചരങ്ങർക്കും കൂടാതെ ദേവൻമാർ ഉൾപ്പെടെയുള്ള പ്രപഞ്ചശക്തികൾക്കും സ്ഥിരമായും താത്കാലികമായും വസിക്കാനും സമയം ചെലവിടുവാനുമുള്ള സ്ഥലത്തിന്റെയും വീടിന്റേയും വാഹനങ്ങളുടേയും ഗൃഹോപകരണങ്ങളുടേയും കണക്കുകളും സ്ഥാനങ്ങളും ദിശകളും ഒക്കെ ഇതിൽ പ്രതിപാദിക്കപ്പെടുന്നു.
വാസ്തുശാസത്രത്തെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 'ഭൂമിവാസ്തു' ഭൂമിയെപ്പറ്റി പൊതുവിലും വീട് വയ്ക്കാൻ ഉള്ള സ്ഥലത്തെപ്പറ്റി വിശദമായും പ്രതിപാദിക്കുമ്പോൾ ‘ഹർമ്യവാസ്തു' വീടുകളുടേയും ആരാധനാലയങ്ങളുടേയും നിർമ്മിതിയെപ്പറ്റി പറയുന്നു. 'യാനവാസ്തു' വാഹനങ്ങളെപ്പറ്റിയും സഞ്ചരിക്കാൻ ഉള്ള സംവിധാനങ്ങളെപ്പറ്റിയും പറയുന്നു. ’ശയനവാസ്തു'വിൽ നാം താത്കാലികമായി ഇരിക്കാനും കിടക്കാനുമുപയോഗിക്കുന്ന കട്ടിൽ, കസേര, തൊട്ടിൽ തുടങ്ങിയ വീട്ടുപകരണങ്ങളുടെ കണക്കുകളും അലങ്കാര പണികളും വിശദീകരിക്കുന്നു.
'വാസ്തുവിദ്യ’ മേൽപ്പറഞ്ഞവയെപ്പറ്റിയുള്ള അറിവാണെങ്കിൽ, ‘വാസ്തുശാസ്ത്രം' വാസ്തുവിദ്യയിൽ നിന്ന് അരിച്ചെടുത്ത ചില നിയമങ്ങളും നിബന്ധനകളും അടങ്ങിയ ഒരു കോഡ് ആണ്. ഈ കാലഘട്ടത്തിൽ നാം 'ശാസ്ത്ര’ത്തെയാണ് - നിയമങ്ങളേയും നിബന്ധനകളേയും ആണ് - കൂടുതൽ ആശ്രയിക്കുന്നത് എന്ന് തോന്നുന്നു. കാര്യങ്ങൾ എളുപ്പത്തിൽ നടപ്പാക്കാം എന്നതാണ് ഇതിന്റെ ഒരു മേന്മ. അതിനാൽ കാര്യങ്ങളുടെ അന്തസ്സത്ത മനസ്സിലാക്കാൻ ആരും മിനക്കെടുന്നില്ല എന്നത് ഇതിനെ യുക്തിപരമല്ലാത്ത ഒന്ന് ആക്കിയോ എന്ന സംശയം ജനിപ്പിക്കുന്നു. എല്ലാ പൗരാണിക ശാസ്ത്രങ്ങൾക്കും സംഭവിച്ച അപചയം ഇവിടെയും ഉണ്ടായി അത്രമാത്രം. അതിന്റെ അളവും ആഴവും കൂടിയും വരുന്നു.
വീടും പരിസരവും വ്യക്തികൾക്കു നൽകുന്ന സാന്ത്വനവും സംരക്ഷണവും ഉത്തമമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വാസ്തുശാസ്ത്രം നിലകൊള്ളുന്നത്. നാം താമസിക്കുന്ന വീട്ടിലെ സന്തോഷകരമായ ജീവിതം നല്ലൊരു വ്യക്തിയേയും അങ്ങനെ സമൂഹത്തെയും സ്യഷ്ടിയ്ക്കും. തദ്വാരാ നല്ലൊരു രാജ്യം പടുത്തുയർത്തപ്പെടും എന്നതാണ് വാസ്തു ശാസ്ത്രത്തിന്റെ ഉത്ഭവത്തിന്റെ ലക്ഷ്യം. നല്ല കാറ്റും വെളിച്ചവും പ്രകൃതിയുമായി ഇണങ്ങി ജീവിക്കലും ഒക്കെ ഒരു വ്യക്തിയെ സന്തോഷവാൻ ആകുന്നു. പ്രകൃതിയുടെ സാന്ത്വനം നമ്മുടെ ദുഖങ്ങളുടെ ആഘാതം കുറയ്ക്കുന്നു. ഭംഗിയുള്ള നിർമ്മിതി കാഴ്ചയ്ക്ക് സന്തോഷം പകരുന്നു. മോശമായ പ്രകൃതി ശക്തികളിൽ നിന്നും സംരക്ഷണം നൽകുന്നു. ഇണങ്ങാനും പിണങ്ങാനും ഇണചേരാനും കുട്ടികളെയും പ്രായമായവരെയും സംരക്ഷിക്കാനും വീട് വേണം. മനുഷ്യന്റെ ആവശ്യങ്ങൾക്ക് ഇണങ്ങി നിർമ്മിക്കപ്പെടുന്ന വീട് ധൂർത്തും പ്രകൃതി ചൂഷണവും പരമാവധി കുറച്ചു വേണം പണിയാൻ. അങ്ങനെ പ്രകൃതിയ്ക്ക് ഇണങ്ങിയ വീട് ഊർജ്ജദായകമാണ്. അത്തരം നല്ല ചുറ്റുപാടുകൾ വ്യക്തികളെ പ്രബുദ്ധർ ആക്കുന്നു. എന്നതിനോടൊപ്പം പ്രകൃതിയുമായി ഇണങ്ങി പോവുക എന്ന ഉത്തമ ലക്ഷ്യം സാക്ഷാത്കരിക്കുകയും ചെയ്യുന്നു. സ്വന്തം കാര്യങ്ങൾക്ക് നമുക്കുള്ള കരുതൽ മറ്റുള്ളവരുടെ കാര്യത്തിലും ഉണ്ടായാൽ ആരോഗ്യകരമായ ഒരു സമൂഹം ഉണ്ടാകും. പ്രപഞ്ചത്തോളം വിശാലമായ വീക്ഷണം, സങ്കുചിതവും പ്രാദേശികവും മതപരവുമായ സങ്കുചിത ചിന്താഗതികളെ അകറ്റി നിർത്തുന്നു. പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങൾക്കും ഇവിടെ ജീവിക്കാൻ അവകാശം ഉണ്ടെന്നത് നമ്മുടെ സ്വാർത്ഥചിന്തയും അഹങ്കാരവും ഒരു പരിധി വരെ കുറയ്ക്കുന്നു.
അങ്ങനെ ഒരു നന്മ മുന്നിൽ കണ്ടു കൊണ്ട് ഉണ്ടായ വാസ്തു ശാസ്ത്രത്തിന് ഇന്ന് ഏറെ പഴി കേൾക്കേണ്ടി വരുന്നുണ്ട്. എന്താണ് അതിന് കാരണം? അന്ധവിശ്വാസങ്ങൾ ആണിത് എന്നതാണ് പ്രധാന ആരോപണം. അന്ധമായി ഏതിലും വിശ്വസിക്കുമ്പോൾ അന്ധവിശ്വാസം ജനിക്കുന്നു. മനുഷ്യന്റെ യുക്തി പ്രയോഗിക്കാതെ പ്രായോഗികതലത്തിൽ കൊണ്ടു വരുന്ന ഏതും അന്ധമായി പ്രയോഗിക്കുന്നവയാണ്. യുക്തിയുടേയും പ്രായോഗികതയുടേയും മാറിയ സാഹചര്യങ്ങളുടെയും പുതിയ സമ്പ്രദായങ്ങളുടേയും പ്രയോഗം വസ്തുവിദ്യയിൽ ആചാര്യൻമാർ നടത്തണം.
വാസ്തുശാസത്രം പ്രയോഗിക്കേണ്ടത് കാലദേശോചിതമായിരിക്കണം എന്ന നിഷ്കർഷ വാസ്തുവിൽ ഉണ്ട്. വാസ്തു വിദ്യയുടെ അന്തസ്സത്ത അറിയുന്ന ആചാര്യൻമാർക്ക് മാത്രമേ അതിനുള്ള അവകാശം ഉള്ളൂ എന്നത് പരമപ്രധാനം.
പക്ഷേ ഒരു യുക്തിശാസ്ത്രത്തിനും കിഴക്കുദിക്കുന്ന സൂര്യന്റെ ദിശ മാറ്റാൻ പറ്റില്ല. ഭൂമിയുടെ ഭ്രമണദിശയും നമുക്ക് മാറ്റാൻ പറ്റില്ല. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയെ ചുറ്റിപ്പറ്റിയാണ് ഇന്നും മനുഷ്യന്റെ ജീവിതം എന്നതിനാൽ പ്രപഞ്ചശക്തികളെ തള്ളിപ്പറയുവോളം നാം വളർന്നിട്ടില്ല എന്നതാണ് പരമാർത്ഥം. അതിനാൽ ഇവയെ തള്ളിപ്പറയുന്ന യുക്തികൾക്കും വാദങ്ങൾക്കും കഴമ്പില്ല.
പക്ഷേ യുക്തി പ്രയോഗിക്കാനാവുന്ന കാര്യങ്ങളിൽ നമുക്ക് സ്വന്തമായി ഒരു തീരുമാനം എടുക്കാൻ കഴിയും. വാസ്തുവിദ്യ പഠിച്ച ആചാര്യന്മാർ ഒത്തു കൂടി ചർച്ചകൾ നടത്തി വാഗ്വാദങ്ങളിലൂടെ പുതിയ നിയമങ്ങൾ രൂപപ്പെടുത്തണം. എന്നു വച്ചാൽ പ്രപഞ്ചശക്തികളിൽ നിന്നും വിടുതൽ നേടിയ മേഖലകളിൽ ഇവ പരീക്ഷിക്കാവുന്നതാണ്. എഞ്ചിനീയറിംഗ് സാങ്കേതിക വിദഗ്ദ്ധർ വീടിന്റെ ഘടനയിലും പ്രയോഗത്തിലും അടുത്ത ദശാബ്ദങ്ങളിൽ നേടിയ പുരോഗതികളുടെ അടിസ്ഥാനത്തിൽ ഇവ പുനർവിചിന്തനം ചെയ്യപ്പെടേണ്ടതാണ്. പഴമയെ മാത്രം ആശ്രയിച്ചിട്ട് കാര്യമില്ല. ലോകം മാറുമെന്നും സാങ്കേതിക വിദ്യകൾ മാറുമെന്നും മനുഷ്യ മനസ്ഥിതിയും ആവശ്യങ്ങളും മാറുമെന്നും അറിഞ്ഞു കൊണ്ട് തന്നെയാകണം പുതിയ മാറ്റങ്ങളെ കൂടി ഉൾക്കൊള്ളാൻ തക്കവണ്ണം ഈ വ്യവസ്ഥ വാസ്തുവിദ്യയിൽ ഉൾക്കൊള്ളിച്ചത്. അത് നാം കണ്ടില്ലെന്ന് നടിച്ച് ഇരിക്കുന്നു എന്നു മാത്രം.
ഒരു ചെറിയ ഉദാഹരണം പറഞ്ഞാൽ വീട്ടിനുള്ളിലെ താപത്തിന്റെ (ചൂടിന്റെയും തണുപ്പിന്റേയും ) അളവുകൾ ഇക്കാലത്ത് കൃത്രിമമായി നിയന്ത്രിക്കാവുന്നതാണ്. വാതിലുകളും വാതായനങ്ങളും വീടിന്റെ ദിശയും ക്രമീകരിച്ചാണ് ഇവ പണ്ടുകാലങ്ങളിൽ ചെയ്തു കൊണ്ടിരുന്നത്. കേരളത്തിൽ അടുക്കളയുടെ സ്ഥാനം പോലും വടക്ക് കിഴക്ക് എന്നത് അത് ഈശാന കോൺ ആയതു കൊണ്ടല്ല, തെക്ക് പടിഞ്ഞാറൻ കാറ്റിൽ അടുക്കളയിൽ നിന്നും ഉയരുന്ന തീപ്പൊരികൾ സ്വയം ആ വീടിന്റെ തന്നെ അഗ്നിബാധയ്ക്ക് കാരണം ആകരുത് എന്ന ലക്ഷ്യത്താലാണ്. ഇപ്പോൾ ഗ്യാസ് ഉപയോഗിക്കുന്ന വീടുകളിൽ അഗ്നിബാധയ്ക്ക് യാതൊരു സാധ്യതയും ഇല്ല. അതിനാൽത്തന്നെ ഈ നിയമത്തിന് സാധുതയും ഉണ്ടാവുന്നില്ല. തെക്ക് കിഴക്ക് ആയാൽ അതിരാവിലെ തന്നെ സൂര്യ പ്രകാശം അടുക്കളയിൽ എത്തും. വെയിൽ ഉള്ളിലെത്തിയാൽ അവിടെ ദോഷകരമായ ജീവാണുക്കളുടെ നാശം ഉണ്ടാവുന്നു. പ്രധാനമായും രാവിലെ തന്നെ ആകാശം കാണാനും പ്രകൃതിയുമായി കണക്ട് ചെയ്യാനും ഈ ദിശ ഉത്തമമാണ്.
കൂടാതെ ഏത് ദിശയിൽ നിന്നും നല്ല വായുവിനെ വലിച്ചെടുത്ത് അരിച്ച് തണുപ്പിച്ച് നമ്മുടെ മുറികൾക്കുള്ളിൽ വിതരണം നടത്തുന്ന HVAC (Heating Ventilation and Air Conditioning) സംവിധാനം എത്രയോ വർഷങ്ങൾക്ക് മുൻപേ നിലവിൽ വന്നു. മുൻപ് സ്ഥാപനങ്ങളിൽ മാത്രം ഉണ്ടായിരുന്ന ഈ സംവിധാനം പതിയെപ്പതിയെ സാധാരണ വീടുകളിൽ വരെ എത്തി നിൽക്കുന്നു. തെക്കുപടിഞ്ഞാറൻ ചൂടിനെ നിയന്ത്രിക്കാനായി അവിടത്തെ അളവുകൾ ക്രമീകരിക്കാൻ വേണ്ട ഡിസൈനുകൾ തയ്യാറാക്കാൻ നമ്മുടെ എഞ്ചിനീയർമാർക്കും ആർക്കിടെക്ടുമാർക്കും നന്നായി അറിയാം. അത്തരം ക്രിത്രിമ സാഹചര്യങ്ങളിൽ നാം പ്രകൃതിയെ അതിജീവിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട വാസ്തു ശാസ്ത്ര നിയമങ്ങളും അപ്രസക്തമായി പോകുന്നു. അത് യുക്തിപരമായി കാണാനും അതിനനുസരിച്ച് തീരുമാനങ്ങൾ എടുക്കാനും വാസ്തു വിദ്യാവിദഗ്ദ്ധൻമാർക്ക് കഴിയേണ്ടതുണ്ട്.
5000 വർഷങ്ങൾക്ക മുൻപ് ജാതിയോ മതങ്ങളോ ഇല്ലാതിരുന്ന കാലഘട്ടത്തിൽ എഴുതപ്പെട്ട ശാസ്ത്രം തീർച്ചയായും മൊട്ടിട്ടു വരുന്ന മനുഷ്യജാതിക്ക് വേണ്ടി മാത്രം ഉദ്ദേശിച്ചവ ആയിരിക്കും എന്നു തീർച്ചയല്ലേ. അവനെ പ്രകൃതി ശക്തികളിൽ നിന്നും രക്ഷിക്കാനും കൂടാതെ തലമുറകൾ ആരോഗ്യത്തോടെ നിലനിർത്തിപ്പോരാനും ഇത് സഹായിച്ചിട്ടുണ്ടാവണം. നേരത്തേ പറഞ്ഞ പോലെ കാലം കഴിയുന്നതനുസരിച്ച് അതിൽ വേണ്ട മാറ്റങ്ങൾ വരുത്തേണ്ടതുമാണ്. അന്നത്തെ ആചാര്യൻമാർ അതിനുള്ള വ്യവസ്ഥകളും അതിൽത്തന്നെ എഴുതി ചേർത്തിരുന്നു എന്നുള്ളത് അത്ഭുതാവഹമായ കാര്യങ്ങളാണ്. വാസ്തുശാസ്ത്രം പ്രയോഗിക്കാൻ അധികാരമുള്ള ആചാര്യൻ അത് കാലദേശോചിതമായി നടപ്പാക്കാൻ ബാദ്ധ്യസ്ഥനാണ്. വാസ്തുവിന്റെ അന്തസ്റ്റത്ത മനസ്സിലാക്കുന്ന ആചാര്യന് അദ്ദേഹം ജീവിക്കുന്ന കാലത്തിനും താമസിക്കുന്ന ദേശത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കിയും യുക്തിസഹമായ തീരുമാനങ്ങൾ എടുക്കാൻ കഴിയും. അത് ആരും ചോദ്യം ചെയ്യുകയില്ല.
നഗരപ്രദേശങ്ങളിൽ വീട് പണിയുന്നവരിൽ വാസ്തുവിൽ വിശ്വസിക്കുന്നവരുടെ കാര്യം വളരെ കഷ്ടമാണ്. സ്ഥലപരിമിതി മൂലം വാസ്തുനിയമങ്ങൾ പാലിക്കാൻ സാധിക്കാത്തവർ അണ് അവർ. അവർക്കു വേണ്ടി വാസ്തുവിന്റെ പൊരുൾ നഷ്ടപ്പെടുത്താതെ തന്നെ നിയമങ്ങൾ ലഘൂകരിക്കാൻ സാധിക്കും. അത്തരം മാറ്റങ്ങൾ മാറിയ ജീവിത ശൈലിക്കും കാലഘട്ടത്തിനും അനുസൃതമായി കൊണ്ടുവരുന്നത് ഏറെപേർക്ക് അശ്വാസം നൽകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള ബിൽഡിംഗ് റൂൾസ് കൂടി പരിഗണിക്കുന്നത് വളരെ നന്നായിരിക്കും. കാരണം നിയമപരമായി കെട്ടിടം നിലനിൽക്കണമെങ്കിൽ അത് കെട്ടിട നിർമ്മാണ ചട്ടങ്ങൾക്ക് അനുസൃതമായിരിക്കണം.
കൂടാതെ വാസ്തുശാസ്ത്രം രൂപപ്പെടുന്ന കാലഘട്ടത്തിൽ പ്രശാന്ത സുന്ദരമായിരുന്നു മനുഷ്യ ജീവിതം. ഈ പ്രകൃതിയും നമ്മുടെ ചുറ്റുപാടും ഒക്കെ ശുദ്ധവും സുന്ദരവും ആയിരുന്നു. അതിന് ശേഷം 1950 AD വരെയുള്ള കാലഘട്ടം ഒരു നല്ല കാലഘട്ടം ആയിരുന്നു എന്ന് പറയാൻ പറ്റും. ഓരോരോ കണ്ടു പിടിത്തങ്ങളുടെ ഫലമായി നാം ആർജ്ജിച്ച അറിവുകൾ ഉത്പന്നവും സേവനങ്ങളും ആയി മാറിയപ്പോൾ, അത് നമ്മുടെ ജീവിതം മാറ്റിമറിച്ചപ്പോൾ അവയുടെ ദോഷവശങ്ങളെപ്പറ്റി അധികം ആരും അധികം വേവലാതി പൂണ്ടില്ല. കൃത്രിമമായി മനുഷ്യൻ ന്യഷിച്ചതെല്ലാം മനുഷ്യകുലത്തിന് നാശമായി ഭവിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നമുക്ക് ചുറ്റും കാണാൻ സാധിക്കുന്നത്. വായുമലിനീകരണം, ജലമലിനീകരണം തുടങ്ങി, വീടിന്റെ ഉൾഭാഗത്ത് കാണാൻ സാധ്യതയുള്ള ഇലക്ട്രിക് റേഡിയേഷനും ഇലക്ട്രോ മാഗ്‌നറ്റിക് റേഡിയഷനും മൈാബൈൽ ടവറുകളിൽ നിന്നുള്ള റേഡിയേഷനുകളും ഭൂമിയുടെ അന്തർഭാഗത്ത് നിന്നും വമിക്കുന്ന ഹാർട്ട് മാൻ ലൈൻ, കേറി ലൈൻ എന്നിവയും നമ്മുടെ ആരോഗ്യത്തേയും മനസ്സിന്റെ സമനിലയേയും കാർന്നു തിന്നുന്നു. ഇവയിൽ ഒട്ടുമുക്കാലും ഘടകങ്ങൾ വീടുമായി ബന്ധപ്പെട്ടവയാകുന്നു. അതീവ വിഷമയമായ വാതകങ്ങൾ (Volatile Organic Chemicals) പുറത്തു വിടുന്ന പെയിന്റിംഗും പ്ലാസ്റ്റിക്സാധനങ്ങളും വിട്ടിൽ ധാരാളമായി ഉണ്ടാകും. ഇത്തരം ഘടകങ്ങളെ പറ്റി വിശദമായി പഠിച്ച ശേഷം അതിന്റെ ദോഷവശങ്ങളെ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും നടപ്പാക്കിയില്ലെങ്കിൽ സ്വസ്ഥജീവിതത്തിന് വാസ്തുശാസ്ത്രം അനുശാസിക്കുന്നത് മാത്രം കേട്ടാൽ മതിയാകില്ല.
അതിനാൽ ഇത്തരം പൊളിച്ചെഴുത്തുകൾ ഇല്ലാതെ വന്നാൽ അത് ആ മഹത്തായ ശാസ്ത്രത്തിന് തന്നെ ദോഷമായി ഭവിക്കും. ഇനിയും കാലം കഴിയുമ്പോൾ ആളുകൾ അതിനെ അന്ധവിശ്വാസത്തിൽപ്പെടുത്തി ചവറുകുട്ടയിൽ എറിയും. വിശ്വാസികൾ ആകട്ടെ, പൊരുൾ അറിയാതെ വിദ്യ പ്രയോഗിക്കുന്ന കൺസൾട്ടന്റുമാരാൽ നിരന്തരം പറ്റിക്കപ്പെട്ടുകൊണ്ടും ഇരിക്കും. ഇത് അനുവദിച്ചുകൂടാ. അതിനാൽ കാല ദേശോചിതമായി വാസ്തുശാസ്ത്രം മാറ്റണം.മാത്രമല്ല മാറ്റമില്ലാത്തതായി മാറ്റമല്ലാതെ മറ്റൊന്നും ഉണ്ടാവാനും പാടില്ല.
ലേഖകൻ: സുരേഷ് ലാൽ എസ്.ഡി
(വാസ്തു, ഫുംഗ് ഷ്യേ, ബാവു ബയോളജി വിദദ്ധനും എഞ്ചിനീയറിംഗ് കൺസൾട്ടന്റുമാണ് ലേഖകൻ) cell: 9895077716, website: www.keralaengineer.com
Email: Lal@keralaengineer.com